നയപരമായ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഉദ്യോഗസ്ഥരല്ല;പിഎം ശ്രീ ചർച്ച ചെയ്യും, തീരുമാനമുണ്ടാകും; പ്രകാശ് ബാബു

അപമാനിക്കപ്പെട്ടു എന്ന് ഇപ്പോൾ തോന്നുന്നില്ല, ചില വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കെ പ്രകാശ് ബാബു

നയപരമായ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഉദ്യോഗസ്ഥരല്ല;പിഎം ശ്രീ ചർച്ച ചെയ്യും, തീരുമാനമുണ്ടാകും; പ്രകാശ് ബാബു
dot image

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ സിപിഐ അതൃപ്തി വകവെക്കാതെ ഒപ്പുവെച്ച സർക്കാർ തീരുമാനത്തിൽ പ്രതികരിച്ച് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം അഡ്വ പ്രകാശ് ബാബു. ഇന്ന് നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും നയപരമായ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐയുടെയും സിപിഐഎമ്മിന്റെയും നയത്തിന് വിരുദ്ധമായാണ് തീരുമാനമെടുത്തത്. നയപരമായ കാര്യത്തിൽ ഗവൺമെന്റ് സെക്രട്ടറി ഒപ്പിടാൻ പാടില്ലാത്തതാണ്. അത് എങ്ങനെ സംഭവിച്ചു വെന്നത് യോഗം ചർച്ച ചെയ്യും. സിപിഐയും സിപിഐഎമ്മും എൻഇപിയിൽ നിലപാട് എടുത്തിട്ടുള്ളതാണ്. രണ്ട് പാർട്ടികളും പാർട്ടി കോൺഗ്രസുകളിൽ ഈ നയം വ്യക്തമാക്കിയിട്ടുള്ളതാണ്. നയത്തെ എതിർക്കുന്ന രണ്ട് പാർട്ടികൾ നേതൃത്വം നൽകുന്ന ഒരു സർക്കാരിൽനിന്നുള്ള ഒരു ഗവൺമെന്റ് സെക്രട്ടറി മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചെങ്കിൽ അതിൽ ചർച്ച ചെയ്ത് തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥ തലത്തിൽ അത്തരമൊരു തീരുമാനമെടുക്കാൻ പാടില്ല. നയപരമായ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ നയം അതുപോലെ നടപ്പിലാക്കാൻ ഒരു ഗവൺമെന്റിന് കഴിഞ്ഞെന്ന് വരില്ല. അതിന്മേൽ തീരുമാനമെടുക്കേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിക്കുന്ന എൽഡിഎഫാണ്. അപമാനിക്കപ്പെട്ടു എന്ന് ഇപ്പോൾ തോന്നുന്നില്ല. ചില വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ഉചിതമായ ഇടത്ത് ചർച്ച ചെയ്യുമെന്നും പ്രകാശ് ബാബു പറഞ്ഞു. എസ്എസ്‌കെ കുടിശിക ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് എൽഡിഎഫാണ് ആലോചിക്കേണ്ടത്. പ്രതിപക്ഷ ആരോപണങ്ങളെ ഇപ്പോൾ ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: PM Shri project; CPI leader Prakash Babu reacts

dot image
To advertise here,contact us
dot image