

തിരുവനന്തപുരം: ആദ്യം മുതല്‍ തന്നെ പിഎം ശ്രീ പദ്ധതിയില്‍ പങ്കുചേരാന്‍ മന്ത്രി വി ശിവന്‍കുട്ടി താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വര്‍ പ്രസാദ്. സിപിഐയുടെ എതിര്‍പ്പായിരുന്നു പ്രശ്‌നമായി നിന്നിരുന്നത്. വിദ്യാഭ്യാസ വകുപ്പിനെ എബിവിപി അഭിനന്ദിക്കുകയാണ്. രാഷ്ട്രീയമില്ലാതെ എല്ലാ കാലത്തും കൂടെയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
അഭിനന്ദനം അറിയിക്കാനാണ് മന്ത്രിയെ കണ്ടത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയല്ല സമരം ചെയ്തതെന്ന് മന്ത്രിയോട് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലുള്ള പ്രശ്‌നങ്ങള്‍ ഈ അധ്യയന വര്‍ഷം തന്നെ പരിഹരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയിലെ വികസനത്തിനുവേണ്ടി രാഷ്ട്രീയം മറന്ന് ഒപ്പമുണ്ടാകും. നല്ല കാര്യങ്ങളെ എതിര്‍ത്താല്‍ സമരവുമായി രംഗത്തെത്തുമെന്നും ഈശ്വര്‍ പ്രസാദ് പറഞ്ഞു.
സര്‍ക്കാരിന്റെ നിലപാടില്‍ എസ്എഫ്‌ഐ മൗനം പാലിക്കുകയാണ്. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ ആദ്യം അവരുടെ പാര്‍ട്ടി പിഎം ശ്രീ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ പോയി ഗുണങ്ങളെ കുറിച്ച് പഠിക്കട്ടെ. എഐവൈഎഫിന്റെ എതിര്‍പ്പിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും എബിവിപി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീയിൽ വിദ്യാഭ്യാസ സെക്രട്ടറി പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ പിഎം ശ്രീയുടെ ഭാഗമാകുന്ന 34ാമത്തെ ഭരണസംവിധാനമായി കേരളം മാറി. പിന്നാലെ തടഞ്ഞു വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടൻ സംസ്ഥാനത്തിന് കൈമാറും.
അതേസമയം, കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. തങ്ങളുടെ എതിര്‍പ്പിനെ മുഖവിലക്കെടുക്കാതെ വിവാദ പദ്ധതിയില്‍ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.
പിഎം ശ്രീയിൽ ഒപ്പിടുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കാൻ ബിനോയ് വിശ്വം സിപിഐ മന്ത്രിമാരോട് നിർദേശിച്ചിരുന്നു. എന്നാൽ മന്ത്രിസഭയിൽ വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഗൗനിക്കാത്തതിൽ സിപിഐക്ക് കടുത്ത അമർഷമുണ്ടായിരുന്നു. പാർട്ടി തീരുമാന പ്രകാരം റവന്യു മന്ത്രി കെ രാജൻ മന്ത്രിസഭയിൽ വിഷയം എടുത്തിട്ടിട്ടും മുഖ്യമന്തി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോ പ്രതികരിച്ചിരുന്നില്ല.
അതിനിടെയാണ് എതിർപ്പുകളെല്ലാം മറികടന്ന് പിഎം ശ്രീ ധാരണാ പത്രത്തിൽ സംസ്ഥാനം ഒപ്പുവെച്ചത്.
സംഭവത്തിൽ പ്രതികരിക്കാൻ ബിനോയ് വിശ്വം ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. സിപിഐയുടെ അടുത്ത നീക്കം പാർട്ടി സെക്രട്ടറി വിശദീകരിക്കും.
Content Highlights: abvp says v sivankutty had expressed interest in joining PM Shri from the beginning