
ഡ്രാഗൺ, ലവ്, ടുഡേ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ നടനാണ് പ്രദീപ് രംഗനാഥൻ. ഡ്യൂഡ് എന്ന ആക്ഷൻ റൊമാന്റിക് ചിത്രമാണ് പ്രദീപിന്റേതായി ഇപ്പോൾ പുറത്തുവന്ന സിനിമ. അടുത്തിടെ സിനിമയുടെ തെലുങ്ക് പ്രൊമോഷനായി എത്തിയപ്പോൾ ഒരു മാധ്യമപ്രവർത്തക പ്രദീപിനോട് ചോദിച്ച ചോദ്യം വലിയ വാർത്തയായിരുന്നു.
'നിങ്ങളെ കാണാൻ ഒരു ഹീറോ മെറ്റീരിയൽ പോലെ ഇല്ലല്ലോ. എന്നാൽ നിങ്ങൾ ഇന്ന് സിനിമയിൽ വലിയ വിജയത്തിൽ നിൽക്കുകയാണ്. ഇത് ലക്ക് ആണോ അതോ ഹാർഡ്വർക്ക് ആണോ?', എന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യം. ഇതിന് പിന്നാലെ വലിയ വിമർശനങ്ങൾ ആയിരുന്നു ഉയർന്നത്. ഒരാളെ അയാളുടെ രൂപം മാത്രം വെച്ച് അളക്കുന്നത് ശരിയല്ല എന്ന് തുടങ്ങി നിരവധി കമന്റുകൾ പ്രദീപിന് അനുകൂലമായി വന്നിരുന്നു. ഇപ്പോഴിതാ ഈ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന്റെ മറുപടി എന്നോണം ഒരു വീഡിയോ വൈറലാകുകയാണ്.
കഴിഞ്ഞ ദിവസം വിസാഗിലെ ഒരു തിയേറ്ററിൽ ഡ്യൂഡിൻ്റെ റെസ്പോൺസ് അറിയാനായി പ്രദീപ് എത്തിയിരുന്നു. ഷോ കഴിഞ്ഞ് പ്രേക്ഷകരുമായി സംവദിക്കവേ കാണികൾ എല്ലാവരും ഒരുമിച്ച് 'ഹീറോ ഹീറോ' എന്ന് പ്രദീപിനെ നോക്കി ആർപ്പുവിളിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രേക്ഷകർ പ്രദീപിനെ ഹീറോ ആയി അംഗീകരിച്ചു എന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.
Hero Material??
— AndhraBoxOffice.Com (@AndhraBoxOffice) October 19, 2025
💯
Hero Hero Chants by The Vizag Audience!!#PradeepRanganathan pic.twitter.com/SenMSOpBrI
അതേസമയം, വലിയ വിജയത്തിലേക്കാണ് ഡ്യൂഡ് കുതിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 45 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. വമ്പൻ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. 27 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ റിലീസിന് മുൻപ് തന്നെ മുടക്ക് മുതൽ തിരിച്ചുപിടിച്ചിരുന്നു. 35 കോടി രൂപയാണ് സിനിമയുടെ നേട്ടം. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് സിനിമ നേടിയത്. ഒരു കോടിയ്ക്ക് അടുത്താണ് ഡ്യൂഡിന്റെ കേരള കളക്ഷൻ. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.
Content Highlights: Pradeep Ranganathan theatre vist video goes viral