
മലയാള സിനിമ ഇൻഡസ്ട്രി ലോക എന്ന സിനിമയുടെ മഹാവിജയത്തിൽ എത്തി നിൽക്കുകയാണ്. 300 കോടിയും കടന്ന് ചിത്രം ഇപ്പോഴും മികച്ച രീതിയിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഇപ്പോഴിതാ മമ്മൂട്ടി 1995ൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയുടെ കഥകളെ സംബന്ധിച്ചിടത്തോളം താരങ്ങളെ ആവശ്യമില്ലെന്നും ഒരു സിനിമയും താരത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഓടുകയില്ലെന്നും നടൻ പറഞ്ഞു. വെറുതെ ഒരു താരത്തെ എക്സ്പോസ് ചെയ്താൽ കാണാൻ ആളുണ്ടാകില്ലെന്നും ഒരു മോശം സിനിമയെ ആരെകൊണ്ടും നന്നാക്കാൻ കഴിയില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
'മലയാള സിനിമയുടെ കഥകളെ സംബന്ധിച്ചിടത്തോളം താരങ്ങളെ ആവശ്യമില്ല, കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിവും കരുത്തുമുള്ള നടന്മാരെയാണ് ആവശ്യം. മലയാളത്തിൽ ഒരു സിനിമയും താരത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഓടുകയില്ല. ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള നല്ല കഥാപാത്രത്തെ മാത്രമേ ജനങ്ങൾ കാണാൻ താത്പര്യപ്പെടൂ. വെറുതെ ഒരു താരത്തെ എക്സ്പോസ് ചെയ്താൽ കാണാൻ ആളുണ്ടാകില്ല. ഒരു മോശം സിനിമയെ ആരെകൊണ്ടും നന്നാക്കാൻ കഴിയില്ല, മോശം സിനിമ എന്നും മോശം തന്നെയായിരിക്കും. ഒരു സൂപ്പർസ്റ്റാർ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിനേക്കാൾ ഒരു നല്ല നടൻ എന്ന് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം',
മമ്മൂട്ടി പറഞ്ഞ വാക്കുകൾ
This is what #Mammootty Said in 1995 🔥🔥🔥👏👏👏pic.twitter.com/h2aheaSE05
— Kerala Box Office (@KeralaBxOffce) October 14, 2025
ഒരു സ്ത്രീകേന്ദ്രികൃത സിനിമയായ ലോക ഇതുവരെ ഉണ്ടായിരുന്ന മിക്ക സിനിമകളുടെയും റെക്കോർഡുകൾ തകർത്തോടുകയാണ്. ചിത്രത്തിന്റെ കഥയും മേക്കിങ്ങും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടത് കാരണം കൂടിയാണ് ഈ സിനിമ ഇത്രയും വിജയിച്ചതെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ മമ്മൂട്ടി ഈ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ ഈ സിനിമയുടെ വിജയത്തോട് കോർത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മമ്മൂട്ടി ഇത് വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണ് എന്ന രീതിയിലാണ് ആരാധകർ ഈ വീഡിയോയെ സമീപിച്ചത്.
അതേസമയം, ലോക അധികം വൈകാതെ ഒടിടിയിലേക്ക് എത്തുമെന്നാണ് വിവരം. സ്ട്രീമിങ് തീയതി ഹോട്ട്സ്റ്റാർ പുറത്തുവിട്ടിട്ടില്ല. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.
Content Highlights: after lokah success mammoottys old interview clip went viral