
മലയാള സിനിമാപ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം 'ഖലീഫ'യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. ആമിർ അലി എന്ന ഒരു ഗോൾഡ് സ്മഗ്‌ളറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് ലുക്കിലുമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. പോക്കിരിരാജ എന്ന സിനിമയ്ക്ക് ശേഷം വൈശാഖും രാജുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫയ്ക്ക് ഉണ്ട്.
ഇന്ദ്രൻസ് ആദ്യം പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ഇൻട്രോ പറയുമ്പോൾ തന്നെ രോമാഞ്ചം വരുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്റ്. 'രാജുവേട്ടൻ കലക്കി, ഇത് രാജുവേട്ടന്റെ ജോൺ വിക്ക്, ആക്ഷൻ സീൻസ് ഒക്കെ വേറെ ലെവൽ', എന്നിങ്ങനെ നിരവധി കമെന്റുകളാണ് എത്തുന്നത്. ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ലണ്ടനിലാണ് നടന്നത്. ഒരു പക്കാ സ്റ്റൈലിഷ് മാസ്സ് പടമാണ് ഖലീഫ എന്നാണ് വീഡിയോ നൽകുന്ന സൂചന.
ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചയിതാവ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ എന്നീ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്. ജേക്സ് ബിജോയ് ആണ് ഖലീഫയ്ക്ക് സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ എഡിറ്റിംഗും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു. ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ നിർമാതാക്കൾ വഴിയേ പുറത്തുവിടും. സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. കൈകൊണ്ട് മുഖം മറച്ച തരത്തിലുള്ള പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻസ് ആണ് സിനിമ നിർമിക്കുന്നത്.
Content Highlights: Prithviraj Starrer new movie Khalifa glimpse video out