
ഡിപ്രഷനെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ വിവാദപരാമർശത്തിന് മറുപടിയുമായി ഗായിക അഞ്ചു ജോസഫ്. പറഞ്ഞ കാര്യത്തിൽ തെറ്റ് ഉള്ളതുകൊണ്ടാണ് താൻ പ്രതികരിച്ചതെന്നും ആ അവസ്ഥ അനുഭവിച്ചവർക്കേ ബുദ്ധിമുട്ട് മനസിലാകുവെന്നും അഞ്ചു റിപ്പോർട്ടറിനോട് പറഞ്ഞു. വെറുതെ പണിയില്ലാതിരിക്കുന്നത് കാരണം വരുന്ന അസുഖം അല്ല ഇതെന്നും അഞ്ചു കൂട്ടിച്ചേർത്തു.
'കൃഷ്ണപ്രഭ എന്ന വ്യക്തിയോട് എനിക്ക് പ്രശ്നമൊന്നുമില്ല. അവർ പറഞ്ഞ കാര്യത്തിൽ തെറ്റ് ഉള്ളതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഈ അവസ്ഥ അനുഭവിച്ചവർക്കേ അതിന്റെ ബുദ്ധിമുട്ട് മാനസിലാകുകയുള്ളൂ. എട്ട് വർഷം മുൻപ് ഇതിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്ന ആളാണ് ഞാൻ. അറിയില്ലെങ്കിൽ പഠിക്കണം അല്ലെങ്കിൽ സംസാരിക്കാതിരിക്കുക, ഇത് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. വെറുതെ പണിയില്ലാതിരിക്കുന്നത് കാരണം വരുന്ന അസുഖം അല്ല ഇത്. ഇലോൺ മസ്ക്, ദീപിക പദുകോൺ എന്നിവർ ഡിപ്രഷൻ അനുഭവിച്ചിട്ടുണ്ട്. കൃഷ്ണപ്രഭയുടെ പോസ്റ്റിന് താഴെ ഞാൻ കമന്റ് ഇട്ടത് ഇങ്ങനെയാണ്. തിരക്കിൽ ആയാൽ ഡിപ്രഷൻ മാറില്ല, ഞാൻ ക്ലിനിക്കലി ഡിപ്രസ്ഡ് ആയിരുന്നു. വെറുതെ ഇരിക്കുമ്പോൾ വിഷമം വരുന്നത് ഡിപ്രഷൻ അല്ല, മാനസിക ആരോഗ്യ പ്രശനങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ വെറുതെ സംസാരിക്കരുത്. ഇതൊന്നും തമാശ ആയിട്ടുള്ള കാര്യമല്ല, കൃഷ്ണപ്രഭയോട് പറയാനുള്ളത് ദയവ് ചെയ്ത് ഇങ്ങനത്തെ കാര്യങ്ങൾ ഒരു ചാനലിൽ വന്നിരുന്ന് പറയരുത്', അഞ്ചു ജോസഫ് പറഞ്ഞു.
എസ് 27 എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി കൃഷ്ണപ്രഭ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ പരാമർശത്തെ വിമർശിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ സിനിമാമേഖലയിലെ പ്രമുഖർ വരെ നടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കൃഷണ പ്രഭയെ പോലുള്ളവരുടെ ഇത്തരം അഭിപ്രായങ്ങൾ കാരണമാണ് പലരും ഡിപ്രഷൻ എന്ന അവസ്ഥയ്ക്ക് ചികിത്സ തേടാത്തതെന്നും അറിയാത്ത വിഷയത്തെക്കുറിച്ച് ഇത്തരം വിവരക്കേടുകൾ വിളിച്ച് പറയുന്നതിന് മുൻപ് ചിന്തിക്കണമെന്നും തുടങ്ങി നിരവധി പേർ വിമർശനം അറിയിച്ചിട്ടുണ്ട്. ജോലിയും കൂലിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്നവർക്ക് മാത്രമല്ല ഈ ഡിപ്രെഷൻ ഉണ്ടാകുന്നതെന്നും വിമർശനങ്ങൾ ഉണ്ട്.
Content Highlights: Anju Joseph reacts to Krishnaprabhas statement about depression