VIDEO: ബുള്ളറ്റ് ട്രെയിനിലെ 'ബ്യൂട്ടിഫുൾ' വാഷ്‌റൂം! ജപ്പാൻ പൊളിയെന്ന് സോഷ്യൽ മീഡിയ

ട്രെയിനുകളിലെ ശൗചാലയങ്ങളെ കുറിച്ചുള്ള എല്ലാ ധാരണകളും പൊളിച്ചെഴുതിയിരിക്കുകയാണ് എക്‌സിൽ പ്രചരിക്കുന്ന ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിലുള്ള വാഷ്‌റൂം

VIDEO: ബുള്ളറ്റ് ട്രെയിനിലെ 'ബ്യൂട്ടിഫുൾ' വാഷ്‌റൂം! ജപ്പാൻ പൊളിയെന്ന് സോഷ്യൽ മീഡിയ
dot image

ട്രെയിൻ യാത്രക്കിടയിൽ ടൊയ്‌ലറ്റിൽ പോകേണ്ടി വരുമ്പോഴാണ് നമ്മുടെ നാട്ടിലെ ട്രെയിനുകളുടെ ശോചനീയാവസ്ഥ എന്താണെന്ന് ബോധ്യപ്പെടുക. വൃത്തിയില്ലായ്മയും അസഹനീയമായ ദുർഗന്ധവുമാണ് മിക്കപ്പോഴും യാത്രക്കാരെ നിസഹായരാക്കുന്നത്. ഈകാരണങ്ങളാൽ പലപ്പോഴും അത്ര ശങ്ക തോന്നിയാൽ പോലും ട്രെയിനിലെ ശുചിമുറികൾ ഉപയോഗിക്കാൻ ഭൂരിഭാഗം പേരും മെനക്കെടാറുമില്ലെന്നതാണ് വാസ്തവം. എന്നാൽ ജപ്പാനിലെ സാഹചര്യം വ്യത്യസ്തമാണ്, പ്രത്യേകിച്ചും ആ ട്രെയിനിലെ.


ട്രെയിനുകളിലെ ശൗചാലയങ്ങളെ കുറിച്ചുള്ള എല്ലാ ധാരണകളും പൊളിച്ചെഴുതിയിരിക്കുകയാണ് എക്‌സിൽ പ്രചരിക്കുന്ന ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിലെ വാഷ്‌റൂം. വിശാലമായ, എല്ലാ പുത്തൻ സൗകര്യങ്ങളുമുള്ള, ഓട്ടോമാറ്റിക്ക് ഡോറുള്ള കിടിലൻ ടൊയ്‌ലറ്റ് സൗകര്യമാണ് ജപ്പാന്റെ സ്വന്തം ബുള്ളറ്റ് ട്രെയിനിലുള്ളത്.

റെസ്റ്റ്‌റൂമിലേക്ക് നടന്നുവരുന്ന ഒരാളെയാണ് വൈറല്‍ വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. പിന്നാലെ ലാവിഷായുള്ള വാഷ്‌റൂമിലേക്കാണ് വീഡിയോ നമ്മളെ കൊണ്ടുപോകുന്നത്. ബാത്ത്‌റൂമിന്റെ തറപോലും വൃത്തിയോടെ വെട്ടിത്തിളങ്ങുന്നു. എല്ലാത്തരം ആധുനിക ഫിറ്റിങ്ങുകളും സജ്ജം. വീടുകളിലെ വാഷ്‌റൂമുകളേക്കാൾ വൃത്തിയെന്ന് പറയാം. എന്തായാലും ഈ ബാത്ത്‌റൂമാണ് നിലവിൽ ഇന്റർനെറ്റിലെ വൈറൽ താരം.


ഇലക്ട്രോണിക്ക് ബൈഡെറ്റ് ഫങ്ഷനുകൾ, ഹീറ്റഡ് സീറ്റുകൾ, എയർ ഡ്രയറുകൾ അങ്ങനെ ആധുനിക രൂപകൽപനയിൽ ഉൾപ്പെടുന്ന എല്ലാ സൗകര്യവും ഇതിലുണ്ട്. സിങ്ക് ഏരിയയിൽ സോപ്പ് ഡിസ്‌പെൻസറുകൾ, ഡ്രയറുകൾ, കണ്ണാടി എന്നിവയുമുണ്ട്. വൃത്തിയും കൃത്യമായ രൂപകൽപനയുമാണ് വാഷ്‌റൂമിന്റെ ഏറ്റവും മികച്ച ഗുണങ്ങളായി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

ആളുകളുടെ സിവിക് സെൻസും മര്യാദയും കൂടി ചേരുന്നത് കൊണ്ടാണ് ട്രെയിൻ ടോയ്‌ലറ്റ് ഇത്രയും വൃത്തിയായിരിക്കുന്നതെന്ന് വീഡിയോക്ക് താഴെയുള്ള കമന്റുകളിൽ പലരും പറയുന്നുണ്ട്. വേഗത്തിൽ ആളുകളെ ലക്ഷ്യത്തിലെത്തിക്കുക മാത്രമല്ല ഓരോ വ്യക്തിക്കും അവരുടെ യാത്ര സുഖകരമാണെന്ന് ഉറപ്പുവരുത്തുക കൂടിയാണ് ജപ്പാനെന്നും പ്രശംസ ഉയരുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ജപ്പാനെ വെല്ലുവിളിക്കാൻ മറ്റാരുമില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ വികസന രീതിയെന്നും ഇതിലൂടെ വീണ്ടും ഉറപ്പാകുന്നുവെന്നും അഭിപ്രായങ്ങള്‍ പലരും പങ്കുവച്ചിട്ടുണ്ട്.
Content Highlights: Watch the sophisticated washroom in bullet trains

dot image
To advertise here,contact us
dot image