ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്ന 'പ്രൈവറ്റ്' തിയേറ്ററിലേക്ക്; പുതിയ റിലീസ് തീയതിയുമായി അണിയറക്കാർ

മമ്മൂട്ടി ചിത്രമായ കളങ്കാവൽ അടക്കം നിരവധി ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച ഫൈസൽ അലിയാണ് സിനിമയുടെ ഛായാഗ്രാഹകൻ

ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്ന 'പ്രൈവറ്റ്' തിയേറ്ററിലേക്ക്; പുതിയ റിലീസ് തീയതിയുമായി അണിയറക്കാർ
dot image

ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്ന 'പ്രൈവറ്റ്' എന്ന സിനിമയുടെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ 10ന് തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ ചിത്രത്തിൻ്റെ അണിയറക്കാ‍ർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇന്ദ്രൻസിൻ്റെയും മീനാക്ഷിയുടെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്.

നേരത്തെ ആഗസ്റ്റ് 1ന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസറിം​ഗുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുട‍ർന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെൻസർ ലഭിച്ചത്. U/A സ‌ർ‌ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഒക്ടോബർ 10ന് സിനിമ തിയേറ്ററുകളിലേയ്ക്ക് എത്തുമെന്ന് ചിത്രത്തിൻ്റെ അണിയറക്കാർ അറിയിച്ചിരിക്കുന്നത്.

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാലൻ മാരാർ എന്ന ഇന്ദ്രൻസിൻ്റെയും അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകൾ മാത്രമാണ് ഇതുവരെ ചിത്രത്തിൻ്റെ അണിയറക്കാർ പുറത്ത് വിട്ടിരിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീറാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. തജു സജീദാണ് ലൈൻ പ്രൊഡ്യൂസർ, പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവൽ അടക്കം നിരവധി ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ.

നവാഗതനായ അശ്വിൻ സത്യയാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജയകൃഷ്ണൻ, വസ്ത്രാലങ്കാരം സരിത സുഗീത്, മേക്കപ്പ് ജയൻ പൂങ്കുളം, ആർട്ട് മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ, സ്റ്റിൽസ് അജി കൊളോണിയ, പിആർഒ എ എസ് ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിൻ്റെ അണിയറയിൽ.

Content Highlights: Indrans film Private new release date announced

dot image
To advertise here,contact us
dot image