
കൊച്ചി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹൻലാലിന് ലഭിച്ചതിന് പിന്നാലെ സംവിധായകൻ രാം ഗോപാൽ വർമയുടെ പോസ്റ്റ് വൈറലായിരുന്നു. ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് രാം ഗോപാല്‍ വര്‍മയുടെ അഭിനന്ദന പോസ്റ്റില്‍ പറയുന്നത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് മോഹൻലാൽ.
രാം ഗോപാൽ വർമ്മ പറഞ്ഞത് ഒരു ബ്ലാക്ക് ഹ്യൂമർ ആയി കാണുന്നെന്നും എല്ലാവരും പറയുന്നതിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ചിന്തിച്ചു എന്നും മോഹൻലാൽ പറഞ്ഞു.
'അദ്ദേഹം എപ്പോഴും വലിയ തമാശകൾ പറയുന്ന ആളാണ്. അതിനെ ഒരു ബ്ലാക്ക് ഹ്യൂമർ ആയിട്ടെ ഞാൻ കാണുന്നുളളൂ. അദ്ദേഹവുമായി വളരെയധികം സൗഹൃദമുള്ള ആളാണ് ഞാൻ. അദ്ദേഹം ചെയ്ത കമ്പനി എന്ന കൾട്ട് സിനിമയിൽ അഭിനയിച്ച ആളാണ് ഞാൻ. അന്ന് മുതൽ അദ്ദേഹം ഒരു ബ്ലാക്ക് ഹ്യൂമറിന്റെ ആളാണ്. എല്ലാവരും പറയുന്നതിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ചിന്തിച്ചു, പറഞ്ഞു എന്നേ ഉള്ളു. അദ്ദേഹം അത് സീരിയസ് ആയി പറഞ്ഞതാണെന്ന് ഞാൻ കരുതുന്നില്ല', മോഹൻലാലിന്റെ വാക്കുകൾ.
'എനിക്ക് ദാദാ സാഹേബ് ഫാല്‍ക്കേയെ കുറിച്ച് കാര്യമായി അറിയില്ല. അദ്ദേഹമാണ് ഇന്ത്യയില്‍ ആദ്യമായി സിനിമ എടുത്തതെന്ന് അറിയാം. പക്ഷെ ഞാന്‍ ആ പടം കണ്ടിട്ടില്ല. ആ സിനിമ കണ്ട ആരെയും എനിക്ക് കണ്ടുമുട്ടാനുമായിട്ടില്ല. പക്ഷെ, മോഹന്‍ലാലിനെ ഞാന്‍ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. അതുവെച്ച് നോക്കുമ്പോള്‍ ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്,' എന്നാണ് രാം ഗോപാല്‍ വര്‍മ എക്സിൽ കുറിച്ചത്.
ഈ ട്വീറ്റ് മോഹന്‍ലാല്‍ ഫാന്‍സ് ആഘോഷമാക്കുന്നുണ്ട്. ഇതിനും മുകളിലൊരു കമന്റോ അഭിനന്ദനമോ നേരാന്‍ ഇല്ലെന്നാണ് പലരുടെയും പ്രതികരണം. രാം ഗോപാല്‍ വര്‍മ മോഹന്‍ലാലിന്റെ ഇത്രയും വലിയ ഫാന്‍ ആണെന്ന് അറിഞ്ഞില്ലല്ലോ എന്നാണ് ചിലരുടെ കമന്റ്.
2023ലെ ഫാല്‍ക്കേ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.
Content Highlights: Mohanlal about Ram Gopal Varma's tweet