
വിജയ് ആരാധകർക്ക് തിയേറ്ററിൽ ആഘോഷിക്കാൻ വീണ്ടും അവസരം. തുപ്പാക്കി, ഗില്ലി, സച്ചിൻ തുടങ്ങിയ സിനിമകളുടെ റീ റിലീസിന് ശേഷം വീണ്ടും മറ്റൊരു കിടിലൻ സിനിമ കൂടി ആരാധകരക്കായി എത്തുകയാണ്. വിജയ്‌യുടെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ 'ഖുഷി' ആണ് റീ റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബർ 25 നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റീ റീലീസ് ഇവന്റിൽ സംവിധായകൻ എസ് ജെ സൂര്യ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
'ഞാൻ ആദ്യമായി വിജയ് സാറിനോട് ഖുഷിയുടെ പറഞ്ഞപ്പോൾ, അദ്ദേഹം നിശബ്ദമായി കേട്ടു, പ്രതികരിച്ചില്ല. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എന്ന് ഞാൻ കരുതി. ഞാൻ വിജയ് സാറിനോട് മറ്റൊരു സ്ക്രിപ്റ്റ് പറയാമെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്തിനാണ് മറ്റൊരു സ്ക്രിപ്റ്റ് ഇത് നല്ലതാണല്ലോ എന്ന് പറഞ്ഞു. ഇഷ്ടപ്പെട്ടാൽ ഇങ്ങനെ അല്ല റിയാക്ഷൻ നൽകേണ്ടത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ പ്രതികരണത്തിലൂടെ ഒരു ആവേശം അന്ന് എനിക്ക് ലഭിച്ചിരുന്നു,' എസ് ജെ സൂര്യ പറഞ്ഞു.
ശക്തി ഫിലിം ഫാക്ടറി ആണ് സിനിമ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. 4K ഡോൾബി അറ്റ്മോസിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നേരത്തെ വിജയ് ചിത്രങ്ങളായ തുപ്പാക്കി, ഗില്ലി, സച്ചിൻ എന്നിവ റീ റിലീസ് ചെയ്തപ്പോൾ ആരാധകർ ആഘോഷിക്കുകയും ബോക്സ് ഓഫീസിൽ നിന്നും ഗംഭീര കളക്ഷൻ നേടുകയും ചെയ്തിരുന്നു. ഖുഷിയും അത്തരത്തിൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്ത ചിത്രത്തിൽ ജ്യോതിക ആണ് നായികയായി എത്തിയത്.
"When I first told #Kushi story to @actorvijay sir, he silently listened & not reacted. I thought he didn't like🤔. I told Vijay sir that I'll narrate another script, Vijay sir told he liked & gave vibe with his reaction😂"
— AmuthaBharathi (@CinemaWithAB) September 20, 2025
- #SJSuryah | #Kushi Re-Releasepic.twitter.com/ATbPjOeZJ8
ദേവ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. ഖുഷിയിലെ ഗാനങ്ങൾ എല്ലാം ഇന്നും ഹിറ്റാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് ജീവയാണ്. മുംതാജ്, വിജയകുമാർ, വിവേക്, നിഴൽകൾ രവി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതേസമയം, സച്ചിൻ ആണ് ഏറ്റവും ഒടുവിലായി റീ റിലീസ് ചെയ്ത വിജയ് ചിത്രം. വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. 11 കോടിയാണ് ഏഴ് ദിവസം കൊണ്ട് സച്ചിൻ നേടിയത്. ഇതോടെ തമിഴ് റീ റിലീസുകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി സച്ചിൻ മാറി. 32 കോടി നേടിയ ഗില്ലിയാണ് ഒന്നാം സ്ഥാനത്ത്.
ആദ്യദിനത്തിൽ 2.2 കോടിയാണ് സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.
ജെനീലിയ, ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്.
Content Highlights: SJ Surya shares his experience of first telling Vijay about the story of Kushi