എജ്ജാതി ഫാന്‍!!!; ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്ന് രാം ഗോപാല്‍ വര്‍മ

'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കേണ്ടതിന്റെ 'കാരണവും' രാം ഗോപാല്‍ വര്‍മ ട്വീറ്റില്‍ പറയുന്നുണ്ട്.

എജ്ജാതി ഫാന്‍!!!; ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്ന് രാം ഗോപാല്‍ വര്‍മ
dot image

ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിന് അര്‍ഹനയാരിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. സിനിമാ മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.

സിനിമാ-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ നിരവധി പേര്‍ മോഹന്‍ലാലിനെ അഭിനന്ദിച്ചും ആശംസകളറിയിച്ചും രംഗത്തു വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ച് ആശംസയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് രാം ഗോപാല്‍ വര്‍മയുടെ അഭിനന്ദന പോസ്റ്റില്‍ പറയുന്നത്. 'എനിക്ക് ദാദാ സാഹേബ് ഫാല്‍ക്കേയെ കുറിച്ച് കാര്യമായി അറിയില്ല. അദ്ദേഹമാണ് ഇന്ത്യയില്‍ ആദ്യമായി സിനിമ എടുത്തതെന്ന് അറിയാം. പക്ഷെ ഞാന്‍ ആ പടം കണ്ടിട്ടില്ല. ആ സിനിമ കണ്ട ആരെയും എനിക്ക് കണ്ടുമുട്ടാനുമായിട്ടില്ല. പക്ഷെ, മോഹന്‍ലാലിനെ ഞാന്‍ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. അതുവെച്ച് നോക്കുമ്പോള്‍ ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്,' രാം ഗോപാല്‍ വര്‍മ പറയുന്നു.

ഈ ട്വീറ്റ് മോഹന്‍ലാല്‍ ഫാന്‍സ് ആഘോഷമാക്കുന്നുണ്ട്. ഇതിനും മുകളിലൊരു കമന്റോ അഭിനന്ദനമോ നേരാന്‍ ഇല്ലെന്നാണ് പലരുടെയും പ്രതികരണം. രാം ഗോപാല്‍ വര്‍മ മോഹന്‍ലാലിന്റെ ഇത്രയും വലിയ ഫാന്‍ ആണെന്ന് അറിഞ്ഞില്ലല്ലോ എന്നാണ് ചിലരുടെ കമന്റ്.

2023ലെ ഫാല്‍ക്കേ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

Content Highlights: Ram Gopal Varma's tweet praising Mohanlal on winning Phalke award goes viral

dot image
To advertise here,contact us
dot image