
നല്ല ട്രെന്‍ഡി വസ്ത്രം ധരിച്ച് അതിന് മാച്ചാകുന്ന ഷൂസോ ചെരുപ്പോ ധരിച്ച് ടിപ് ടോപ്പിലാണ് പലരും പുറത്തേക്കിറങ്ങുന്നത് തന്നെ. പുറത്ത് പോയിവന്നാല്‍ ചെരുപ്പ് വയ്ക്കുന്ന സ്റ്റാന്‍ഡിലോ വീടിന്റെ ഉമ്മറത്തോ അത് അഴിച്ചുവയ്ക്കുകയും ചെയ്യും. ചിലരാണെങ്കില്‍ ആ പാദരക്ഷ ഇട്ടുകൊണ്ടുതന്നെ വീട്ടിനകത്തേക്ക് കയറും.
നിങ്ങള്‍ക്കറിയാമോ നമ്മള്‍ എന്നും ഇട്ടുകൊണ്ട് നടക്കുന്ന ഷൂവില്‍ എത്രത്തോളം അണുക്കള്‍ ഉണ്ടെന്ന്. ശരിക്കും ഒരു ടോയ്‌ലറ്റ് സീറ്റില്‍ ഉളളതിനേക്കാള്‍ കൂടുതല്‍ അണുക്കള്‍ ആ ഷൂവില്‍ ഉണ്ടായിരിക്കും. അതിട്ടുകൊണ്ട് വീടിനുള്ളില്‍ കയറിയാലോ? തറയിലും ചവിട്ടിയിലും ഫര്‍ണിച്ചറുകളിലും ഒക്കെ ബാക്ടീരിയ വ്യാപിക്കാന്‍ കാരണമാകും. ഷൂ ആയതുകൊണ്ട് വിയര്‍പ്പ് അടിഞ്ഞ് ദുര്‍ഗന്ധവും ഉണ്ടാകും. ഷൂസ് വൃത്തിയായി സൂക്ഷിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും വൃത്തിയോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. എങ്ങനെയാണ് ഷൂസ് വൃത്തിയാക്കേണ്ടതെന്നും എത്ര പ്രാവശ്യം വൃത്തിയാക്കണമെന്നും ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ എന്ത് ചെയ്യണമെന്നും അറിയാം.
എത്രതവണ വൃത്തിയാക്കണം എങ്ങനെ വൃത്തിയാക്കണം
ഷൂ വ്യത്തിയാക്കുന്നത് നിങ്ങള്‍ എത്ര തവണ അത് ഉപയോഗിക്കുന്നു, എവിടെയാണ് ഉപയോഗിക്കുന്ന്, അത് നിര്‍മ്മിച്ചിരിക്കുന്ന മെറ്റീരിയല്‍ ഏതാണ് എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും. വിദഗ്ധര്‍ പറയുന്നതനുസരിച്ച് കാഷ്വല്‍ അല്ലെങ്കില്‍ ഓഫീസ് പാദരക്ഷകള്‍ രണ്ട് മാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ അഴുക്ക് പ്രത്യക്ഷപ്പെടുമ്പോള്‍ വൃത്തിയാക്കണം എന്നാണ്. ദിവസവും ധരിക്കുന്നതും വിയര്‍പ്പ് എപ്പോഴും തങ്ങിനില്‍ക്കുന്നതുമായ സ്‌പോര്‍ട്‌സ് ഷൂ രണ്ട് ആഴ്ച കൂടുമ്പോള്‍ വൃത്തിയാക്കണം. ദിവസേനെ വൃത്തിയാക്കിയാല്‍ ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ വളരെയധികം സഹായിക്കും. ഷൂ വൃത്തിയാക്കുമ്പോള്‍ ലെയ്‌സുകളും ഇന്‍സോളുകളും വെവ്വേറെ കഴുകുകയും വെയിലത്ത് ഉണക്കുകയും ചെയ്യുക. ഇത് ബാക്ടീരിയയെയും ദുര്‍ഗന്ധത്തെയും ഇല്ലാതാക്കാന്‍ സഹായിക്കും.
എങ്ങനെ വൃത്തിയാക്കാം
ഷൂസിന്റെ മെറ്റീരിയലിനെ ആശ്രയിച്ചിരിക്കും ക്ലീനിംഗ് രീതികള്‍. കോട്ടണ്‍, ക്യാന്‍വാസ്, നൈലോണ്‍, പോളിസ്റ്റര്‍ ഷൂകള്‍ തണുത്ത വെള്ളവും നേരിയ ഡിറ്റര്‍ജന്റും ഉപയോഗിച്ച് സുരക്ഷിതമായി മെഷീന്‍ വാഷ് ചെയ്യാം. ഷൂ ലെയ്‌സുകള്‍ സ്റ്റെയിന്‍ റിമൂവര്‍ അല്ലെങ്കില്‍ ബേക്കിംഗ് സോഡ മിശ്രിതം എന്നിവ ഉപയോഗിച്ച് പ്രത്യേകം കഴുകി എടുക്കാം. ദുര്‍ഗന്ധം അകറ്റാന്‍ വെയിലത്ത് ഉണക്കുക. വിനാഗിരി വെള്ളം തളിക്കുകയും ചെയ്യാം. സോക്‌സ് ധരിച്ച് ശേഷം ഷൂ ധരിക്കുന്നത് വിയര്‍പ്പ് ആഗിരണം ചെയ്യാനും ബാക്ടീരിയ വളര്‍ച്ച കുറയ്ക്കാനും സഹായിക്കും.
ബാക്ടീരിയയും ദുര്‍ഗന്ധവും തടയാന്‍ എളുപ്പ വഴികള്‍
1 വിയര്‍പ്പ് ആഗിരണം ചെയ്യാനും ഈര്‍പ്പവുമായി ഷൂസ് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കാനും എപ്പോഴും സോക്‌സുകള്‍ ധരിക്കുക.
2 ഷൂസ് എപ്പോഴും ഈര്‍പ്പമില്ലാത്ത വരണ്ട സ്ഥലത്ത് സൂക്ഷിക്കുക.
3 ഷൂസ് പുതിയതുപോലെ നിലനിര്‍ത്താന്‍ ബേക്കിംഗ് സോഡ , ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ ഡിയോറൈസറുകളോ സാഷെറ്റുകളോ ഉപയോഗിക്കുക.
4 രോഗാണുക്കള്‍ തടയാന്‍ വീടിനുളളില്‍ ഷൂധരിക്കുന്നത് ഒഴിവാക്കുക.
ധരിക്കുന്ന വസ്ത്രങ്ങള്‍ പോലെതന്നെ കാലില്‍ ധരിക്കുന്ന ഷൂസും നന്നായി കഴുകി വൃത്തിയാക്കുന്നത് ശുചിത്വത്തിനും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും
Content Highlights :How to clean your shoes that are dirtier than toilet seats