
ഷാരൂഖ് ഖാനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ആക്ഷൻ കോമഡി സിനിമയാണ് ദിൽവാലെ. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും ഭേദപ്പെട്ട പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. ചിത്രത്തിലെ 'ഗേറുവ' എന്ന ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ഗാനം ഷൂട്ട് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഡാൻസ് കൊറിയോഗ്രാഫർ ആയ ഫറാ ഖാൻ.
ഏഴ് കോടിയാണ് ആ ഒരൊറ്റ ഗാനത്തിന് വേണ്ടി മാത്രം ചെലവായത് എന്ന് ഫറാ ഖാൻ പറഞ്ഞു. 'ഐസ്ലാൻഡിലാണ് ഗേറുവ എന്ന ഗാനം ചിത്രീകരിച്ചത്. അവിടെ ചിത്രീകരിച്ച ഒരേയൊരു ഇന്ത്യൻ സിനിമയും ദിൽവാലെ മാത്രമാണ്. അവിശ്വസനീയമാംവിധം ചെലവേറിയ ഒരു സ്ഥലമാണ് ഐസ്ലാൻഡ്. ആ പാട്ട് ഞങ്ങൾ രണ്ടുപേരെ മാത്രം വെച്ചാണ് ചിത്രീകരിച്ചത്, എന്നിട്ടും ബജറ്റ് 7 കോടി രൂപയായിരുന്നു', ഫറാ ഖാന്റെ വാക്കുകൾ. റെയ്‌നിസ്ഫ്ജാര ബീച്ച്, സോൾഹൈമസന്ദൂർ, വെസ്ട്രഹോൺ പർവതനിരകൾ, അഗ്നിപർവ്വത പ്രകൃതിദൃശ്യങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ തെക്കൻ തീരത്താണ് ഗേറുവ എന്ന ഗാനം ചിത്രീകരിച്ചത്. 165 കോടി ബജറ്റിലായിരുന്നു ദിൽവാലെ നിർമിച്ചത്.
കജോളും ഷാരൂഖ് ഖാനുമാണ് 'ഗെറുവ' എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു റൊമാന്റിക് ഗാനമായിട്ടാണ് ഗെറുവ ചിത്രീകരിച്ചിരിക്കുന്നത്. വരുൺ ധവാൻ, കൃതി സാനോൺ, വരുൺ ശർമ്മ തുടങ്ങിയവരായിരുന്നു ദിൽവാലെയിൽ പ്രധാന കഥാപത്രങ്ങളായി എത്തിയത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെയും രോഹിത് ഷെട്ടി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഗൗരി ഖാനും രോഹിത് ഷെട്ടിയും ചേർന്നാണ് സിനിമ നിർമിച്ചത്. 376 കോടിയോളമാണ് സിനിമ നേടിയത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കജോളും ഷാരൂഖ് ഖാനും വീണ്ടുമൊന്നിച്ച സിനിമയാണ് ദിൽവാലെ.
അതേസമയം, ഷാരൂഖ് ഖാനെക്കുറിച്ചും ഫറാ ഖാൻ മനസുതുറന്നു. 'ഷാരൂഖ് ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പെർഫോമർ. മികച്ച രീതിയിൽ വർക്ക് ചെയ്യാൻ അദ്ദേഹം എന്നെ എന്നും പ്രചോദിപ്പിക്കും. കഭി ഖുഷി കഭി ഗംമിലെ 'സൂരജ് ഹുവാ മദ്ധം' എന്ന ഗാനം കാണുമ്പോൾ ഷാരൂഖ് ചെയ്തതുപോലെ തീവ്രതയോടെ ആർക്കും ചെയ്യാൻ കഴിയില്ല എന്നും തോന്നും. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത് വളരെ രസകരമാണ്', ഫറയുടെ വാക്കുകൾ.
Content Highlights: Farah khan about geruva song in Dilwale and SRK