
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു എന്ന വാർത്ത സിനിമാലോകത്ത് ഏറെ ചർച്ചയായിരുന്നു. കമൽഹാസനാണ് സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കമൽഹാസന്റെ 237 ാം ചിത്രമായി ഒരുങ്ങന്ന ഈ പ്രൊജക്ടിന്റെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ ശ്യാം പുഷ്ക്കരൻ ജോയിൻ ചെയ്തു എന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.
ചിത്രത്തിന്റെ കോ റൈറ്റർ ആയിട്ടാണ് ചിത്രത്തിൽ ശ്യാം പുഷ്ക്കരൻ എത്തിയിരിക്കുന്നത്. കമൽ ഹാസൻ, അൻപറിവ്, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ചിത്രം രാജ് കമൽ ഫിലിംസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആഷിഖ് അബു ഒരുക്കിയ റൈഫിൾ ക്ലബ് ആണ് ഏറ്റവും അവസാനമായി ശ്യാം പുഷ്‌ക്കരൻ്റെ തിരക്കഥയിൽ പുറത്തുവന്ന സിനിമ. ആക്ഷൻ കൊറിയോഗ്രാഫിയിൽ ഒരു ബ്രാൻഡ് ലേബലുണ്ടാക്കിയിട്ടുള്ളവരാണ് അന്‍പറിവ് മാസ്റ്റേഴ്സ്. കമലിനൊപ്പം ലോകേഷ് കനകരാജിൻ്റെ വിക്രം, നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി എന്നീ സിനിമകളിൽ ഇരുവരും സഹകരിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫിലും ഇരുവരും തന്നെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.
മണിരത്‌നം ഒരുക്കിയ തഗ് ലൈഫ് ആണ് ഏറ്റവും അവസാനമായി തിയേറ്ററിൽ എത്തിയ മണിരത്‌നം സിനിമ. മോശം അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. നിറയെ ട്രോളുകളും സിനിമയ്ക്ക് ലഭിച്ചിരുന്നു. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍. സിലമ്പരശനും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
#KH237 Roar Begins with #SyamPushkaran#KamalHaasan #ActioninAction
— Raaj Kamal Films International (@RKFI) September 12, 2025
A Film By @anbariv@ikamalhaasan #Mahendran @RKFI @turmericmediaTM @magizhmandram pic.twitter.com/mDd1SBG1Y9
റൈഫിൾ ക്ലബ്, തങ്കം, ജോജി, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളിലൂടെ നിരവധി ആരാധകരെയാണ് ശ്യാം പുഷ്ക്കരൻ സൃഷ്ടിച്ചത്. പ്രേമലുവിൽ അദ്ദേഹം അവതരിപ്പിച്ച പമ്പാവാസൻ എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. ശ്യാം പുഷ്‌കറിന്റെ ആദ്യ തമിഴ് സിനിമയാകും കമൽ ഹാസൻ 237.
content highlights: shyam pushkaran to join hands with kamal haasan