
'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്‌ലീസ്', 'കള' എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ടിക്കി ടാക്ക. ആസിഫ് അലി നായകനാകുന്ന സിനിമയിൽ നസ്‌ലെനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ സംഗീത് പ്രതാപ്. തന്നെ ഏറ്റവും സ്റ്റൈലിഷ് ആയി കണ്ട സിനിമയാണ് ടിക്കി ടാക്കയെന്നും രോഹിത് വി എസിനൊപ്പം ഒപ്പം വർക്ക് ചെയ്യണം എന്നുള്ളത് വലിയ ആഗ്രഹമായിരുന്നു എന്നും സംഗീത് പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് സംഗീത് മനസുതുറന്നത്.
'ഞാൻ എന്നെയും എന്റെ കൂടെ ഉള്ളവരെയും ഏറ്റവും സ്റ്റൈലിഷ് ആയി കണ്ട സിനിമയാണ് ടിക്കി ടാക്ക. പെർഫോമൻസിലെ ഹൈകൾ ഇതിന് മുൻപ് കിട്ടിയിട്ടുണ്ട് പക്ഷെ ഇത്രയും സ്റ്റൈലിഷ് ആയി കാണുന്നത് ഇത് ആദ്യമാണ്. നമ്മൾ തന്നെ നമ്മളെ കണ്ട് കയ്യടിക്കുന്ന ഒരേയൊരു സിനിമ ടിക്കി ടാക്ക ആയിരിക്കും. വളരെ വിഷനുള്ള സംവിധായകനാണ് രോഹിത് വി എസ്. അദ്ദേഹത്തിന്റെ ഒപ്പം വർക്ക് ചെയ്യണം എന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. എല്ലാ സബ്ജെക്റ്റുകളും രോഹിത് കാണുന്നത് വേറെ രീതിയിലാണ്. ടിക്കി ടാക്കയ്ക്കും അങ്ങനെ ഒരു സ്വഭാവമുണ്ട്. ഒരു പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് ഞാൻ ചെയ്യുന്നത്', സംഗീത് പറഞ്ഞത്.
ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നൽകിയത്. പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു. ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
Content Highlights: sangeeth prathap talks about tiki takka