ലാലേട്ടനെ കാണാൻ അധിക സമയം കാത്തിരിക്കേണ്ട, 'ഹൃദയപൂർവ്വം' ആദ്യ ഷോ ടൈം വിവരങ്ങൾ പുറത്ത്

നിരവധി ഫാൻസ് ഷോകളാണ് ചിത്രത്തിനായി മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്യുന്നത്

dot image

മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷോയുടെ വിവരങ്ങൾ പുറത്തുവരുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂർവ്വത്തിന്റെ ഷോ ആരംഭിക്കുന്നത്. നിരവധി ഫാൻസ് ഷോകളാണ് ചിത്രത്തിനായി മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്യുന്നത്. ആദ്യ ദിനം മികച്ച കളക്ഷൻ സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'വെൺമതി' എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാം ആണ്. മാളവിക മോഹനൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. മോഹൻലാലിനെയും ഗാനത്തിൽ കാണാം. ജസ്റ്റിൻ പ്രഭാകരൻ സംഗീതം നൽകിയ ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത് ആണ്.

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്.

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.

Content Highlights: Hridayapoorvam first day show timings out now

dot image
To advertise here,contact us
dot image