
ന്യൂഡല്‍ഹി: ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തേക്കും. പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത. സ്പീക്കര്‍ക്ക് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷം എത്തിയത് കല്ലുകളുമായാണെന്ന് ബിജെപി ആരോപിച്ചു. മൈക്ക് വലിച്ചെറിയാന്‍ ശ്രമിച്ചെന്നും ഭരണകക്ഷി ആരോപിച്ചു. അമിത് ഷായും പീയുഷ് ഗോയലും സ്പീക്കറെ കണ്ടു.
പ്രതിപക്ഷത്തെ സ്പീക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. സഭാ മര്യാദയുടെ ലംഘനമാണ് പ്രതിപക്ഷം നടത്തിയതെന്ന് സ്പീക്കര്‍ പറഞ്ഞു. ശബ്ദവോട്ടോടെ ബില്‍ അവതരണം അംഗീകരിച്ചു. ജമ്മു കശ്മീര്‍ ബില്ലും സഭയില്‍ അവതരിപ്പിച്ചു. സംയുക്ത ബില്ലുകള്‍ പാര്‍ലമെന്ററി സമിതിക്ക് വിടണമെന്ന് അമിത് ഷാ പറഞ്ഞു. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്ന അമിത് ഷായുടെ ആവശ്യവും ശബ്ദവോട്ടോടെ അംഗീകരിച്ചു. അഞ്ചുമണിവരെ സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം, വനിതാ അംഗത്തിന്റെ കയ്യില്‍ മാര്‍ഷല്‍മാര്‍ മുറിവേല്‍പ്പിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തൃണമൂല്‍ എംപി മിതാലി ബാഗിന്റെ കയ്യാണ് മുറിഞ്ഞത്. ഭരണഘടനാഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. അംഗങ്ങള്‍ക്ക് വിതരണം ചെയ്യാതെയാണ് ബില്ല് കൊണ്ടുവന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ തകിടം മറിക്കുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി എംപിമാര്‍ പ്രതികരിച്ചു. കോടതി ശിക്ഷിക്കും മുമ്പ് ഒരാളെ ശിക്ഷിക്കാന്‍ എങ്ങനെ കഴിയുമെന്നും കോണ്‍ഗ്രസ് ചോദിച്ചു. സംസ്ഥാനങ്ങള്‍ക്കുമേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴി തുറക്കുന്ന ബില്ലാണിതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കുന്നതായി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നുവെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ ലക്ഷ്യം വച്ചും നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും ഉന്നംവെച്ചുമുള്ള ബില്ലാണിതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു.
അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയടക്കം കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലാണ് കേന്ദ്രം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരുടെ നിയമനവും ഉത്തരവാദിത്തവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ 75ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്.
Content Highlights: Clash in Lok Sabha on Constitution Amendment Bill: Opposition members likely to be suspended