ട്രംപിന്റെ അമേരിക്കയിൽ മനുഷ്യത്വമില്ലെന്ന് ആഞ്ജലീന ജോളി, ഹോളിവുഡ് താരങ്ങൾ നേരിടുന്നത് വൻ പ്രതിസന്ധി

ഇവിടെ ജീവിക്കുന്നത് സ്വന്തം ഇഷ്ടത്തിനല്ല, മറ്റ് പല കാരണങ്ങൾകൊണ്ട് ഇവിടെ കഴിയാൻ നിർബന്ധിതയായി, നിയമകുരുക്കുകൾ തീരാൻ കാത്തിരിക്കുകയാണെന്ന് ആഞ്ജലീന ജോളി

dot image

എല്ലാവരുടെയും മനസ്സിൽ എന്നും ഹോളിവുഡ് സിനിമകളിലെ ശക്തമായ നായികയാണ് ആഞ്ജലീന ജോളി. എന്നാൽ വെള്ളിത്തിരയിലെ കഥകൾക്കപ്പുറം, അവരുടെ ജീവിതത്തിലും വലിയൊരു വഴിത്തിരിവ് സംഭവിക്കാൻ പോകുന്നു. തന്റെ ലോസ് ഏഞ്ചൽസിലെ കൊട്ടാരം പോലുള്ള വീട് വിറ്റ് അമേരിക്ക വിട്ട് മറ്റൊരു രാജ്യത്തേക്ക് താമസം മാറാൻ ഒരുങ്ങുകയാണ് ആഞ്ജലീന എന്നാണ് റിപ്പോർട്ടുകൾ.

ഇത്രയും വലിയൊരു തീരുമാനമെടുക്കാൻ താരത്തെ പ്രേരിപ്പിച്ചത് അവരുടെ മുൻ ഭർത്താവ് ബ്രാഡ് പിറ്റുമായിട്ടുള്ള വിവാഹമോചനമാണ്. വിവാഹബന്ധം വേർപെടുത്തിയ ശേഷം കുട്ടികളുടെ കാര്യങ്ങൾക്കായി ലോസ് ഏഞ്ചൽസിൽ നിർബന്ധപൂർവ്വം കഴിയേണ്ടി വന്നുവെന്ന് ആഞ്ജലീന തന്നെ തുറന്നു പറഞ്ഞിരുന്നു.

“ഞാൻ ഇവിടെ ജീവിക്കുന്നത് എന്റെ ഇഷ്ടത്തിനല്ല, വിവാഹമോചനം കാരണം ഇവിടെ കഴിയാൻ നിർബന്ധിതയായി," എന്നായിരുന്നു അവരുടെ വാക്കുകൾ. അടുത്ത വർഷം അവരുടെ ഇരട്ടക്കുട്ടികളായ നോക്സിനും വിവിയനും 18 വയസ്സ് തികയുന്നതോടെ, നിയമപരമായ തടസ്സങ്ങൾ മാറും. അതോടെ ലോകത്തിലെ തനിക്കിഷ്ടമുള്ള ഏത് സ്ഥലത്തേക്കും പറക്കാൻ ആഞ്ജലീനയ്ക്ക് സാധിക്കും.

Angelina Jolie

ലോസ് ഏഞ്ചൽസിലെ തിരക്കിട്ടതും യാന്ത്രികവുമായ ജീവിതം മടുത്തുവെന്നും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ താൻ അനുഭവിച്ച “മനുഷ്യത്വം" ഇവിടെ ലഭിക്കുന്നില്ലെന്നും അവർ പറയുന്നു. 2017ൽ 24.5 മില്യൺ ഡോളറിന് വാങ്ങിയ അവരുടെ ആഡംബര വസതി ഇപ്പോൾ വിൽപനയ്ക്ക് വെച്ചിട്ടുണ്ട്. ആഡംബരത്തിന്റെ പ്രതീകമായ ആ വീടിന് ആറ് കിടപ്പുമുറികളും പത്ത് കുളിമുറികളുമുണ്ട്.

ഹോളിവുഡിലെ പല താരങ്ങളും അമേരിക്ക വിടുന്നത് ഒരു പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വരുന്നതിന്റെ ആശങ്കയും ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത ടോക്ക് ഷോ അവതാരകൻ ജിമ്മി കിമ്മൽ ഇറ്റാലിയൻ പൗരത്വം നേടി, എലൻ ഡിജെനറസും ഭാര്യയും ഇംഗ്ലണ്ടിലേക്ക് ചേക്കേറി. ഈ വലിയ താരങ്ങൾക്കെല്ലാം അമേരിക്കയിൽ നിന്ന് എന്താണ് നഷ്ടമാകുന്നത് എന്ന ചോദ്യം ഇപ്പോൾ പല കോണുകളിലും ഉയരുന്നുണ്ട്.

സിനിമയുടെ കാര്യത്തിൽ ആഞ്ജലീന ജോളി തിരക്കിലാണ്. തന്റെ ഹിറ്റ് സിനിമയായ 'മിസ്റ്റർ & മിസിസ് സ്മിത്ത്' സംവിധാനം ചെയ്ത ഡഗ് ലിമാനുമായി വീണ്ടും ഒന്നിക്കുന്ന 'ദി ഇനിഷ്യേറ്റീവ്' എന്ന പുതിയ സ്പൈ ത്രില്ലർ ചിത്രത്തിന്റെ പണിപ്പുരയിലാണ് അവർ. ഈ സിനിമയും അവരുടെ ജീവിതത്തിലെ ഈ പുതിയ തീരുമാനവും, ആഞ്ജലീന ജോളിയെ വീണ്ടും വാർത്തകളിൽ നിറയ്ക്കുകയാണ്.

content highlights : Angelina Jolie is reportedly gearing up to leave the United States and relocate abroad

dot image
To advertise here,contact us
dot image