കരിയറിലെ പ്രതിസന്ധിയിൽ താങ്ങായത് ധനുഷും ഐശ്വര്യയും; തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ

"ആ സിനിമയ്ക്ക് ശേഷം എൻ്റെ വ്യക്തിത്വത്തിൽ പോലും വലിയ മാറ്റങ്ങളുണ്ടായി"

dot image

കരിയറിലെ ഏറ്റവും മോശം അവസ്ഥയിൽ താങ്ങും തണലുമായി നിന്ന നടൻ ധനുഷിനും മുൻഭാര്യ ഐശ്വര്യ രജനികാന്തിനും നന്ദി പറഞ്ഞ് നടി ശ്രുതി ഹാസൻ. ഹിന്ദിയിൽ 'ലക്ക്', തെലുങ്കിൽ 'അനഗനഗ ഓ ധീരുഡു' തുടങ്ങിയ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ തൻ്റെ സിനിമാ ജീവിതം അവസാനിച്ചുവെന്ന് ശ്രുതി ഭയപ്പെട്ടിരുന്നു.

ആ സമയത്താണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത '3' എന്ന ചിത്രത്തിൽ ധനുഷിൻ്റെ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ആ ചിത്രം തൻ്റെ കരിയറിലെ വഴിത്തിരിവായെന്നും മാനസികമായി തളർന്നിരുന്ന ആ സമയത്ത് ധനുഷും ഐശ്വര്യയും നൽകിയ പിന്തുണ മറക്കാനാകില്ലെന്നും ശ്രുതി ഗലാട്ട പ്ലസിന് കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കി.

"അഭിനയ ജീവിതത്തിൽ ഞാൻ ഒരുപാട് സംശയങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. എന്നാൽ ധനുഷും ഐശ്വര്യയും വലിയ പ്രോത്സാഹനമാണ് എനിക്ക് നൽകിയത്. ധനുഷിനെപ്പോലൊരു മികച്ച സഹതാരത്തിനൊപ്പം അഭിനയിച്ചത് എന്നെ ഏറെ സഹായിച്ചു. ഉത്തരവാദിത്തങ്ങൾ വരുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ എനിക്ക് സാധിക്കുമെന്ന് ഞാൻ അന്ന് തിരിച്ചറിഞ്ഞു. ശേഷം എൻ്റെ വ്യക്തിത്വത്തിൽ പോലും വലിയ മാറ്റങ്ങളുണ്ടായി," ശ്രുതി പറഞ്ഞു.

2012ല്‍ പുറത്തിറങ്ങിയ സമയത്ത് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും കാലക്രമേണ '3' എന്ന സിനിമ ഒരു കൾട്ട് ക്ലാസിക് പദവിയിലേക്ക് എത്തിയിരുന്നു. '3' ഇപ്പോൾ റിലീസ് ചെയ്യുകയായിരുന്നെങ്കിൽ വലിയ തരംഗമായി മാറിയേനെ എന്നും 'കൊലവെറി' എന്ന ഗാനത്തെക്കാൾ വലിയ ഹിറ്റാവുമായിരുന്നെന്നും ശ്രുതി നേരത്തെ പറഞ്ഞിരുന്നു. ബെെപോളാർ ഡിസോർഡർ കാരണം ബുദ്ധിമുട്ടുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് ചിത്രം പറഞ്ഞിരുന്നത്.

ശ്രുതി ഹാസൻ്റെ പുതിയ ചിത്രമായി ഇനി വരാനുള്ളത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യാണ്. ആഗസ്റ്റ് 14-ന് തിയറ്ററുകളിലെത്തുന്ന ഈ സിനിമയിൽ രജനികാന്ത്, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ആമിർ ഖാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

content highlights : Shruti Haasan states how Dhanush and his wife helped her career

dot image
To advertise here,contact us
dot image