
മോഹിത് സൂരി സംവിധാനം ചെയ്ത് അഹാൻ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'സൈയാരാ' എന്ന ചിത്രം ബോക്സ് ഓഫീസിനെ പിടിച്ചുലയ്ക്കുന്ന കാഴ്ച്ചയാണുണ്ടാകുന്നത്. മികച്ച പ്രതികരണം നേടുന്ന സിനിമയ്ക്ക് വലിയ തിരക്കാണ് തിയേറ്ററുകളിൽ. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ചിത്രം ആഗോള തലത്തിൽ 500 കോടി സ്വന്തമാക്കി. ഇപ്പോഴിതാ മോഹൻലാൽ ചിത്രം എമ്പുരാന്റെ കളക്ഷൻ റെക്കോർഡിനെ തിരുത്തിയിരിക്കുകയാണ് ഈ കൊച്ചു ബോളിവുഡ് ചിത്രം.
2025 ൽ ഓവർസീസിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം ഇതുവരെ എമ്പുരാൻ ആയിരുന്നു. എന്നാൽ ഈ റെക്കോർഡ് കാറ്റിൽ പറത്തുകയാണ് സൈയാരാ. 144.5 കോടിയാണ് സിനിമ ഓവർ സീസിൽ നിന്ന് നേടിയത്. എമ്പുരാൻ 142.25 കോടിയാണ് ലൈഫ് ടൈം ഓവർസീസ് കളക്ഷൻ നേടിയത്. വിജയ കുതിപ്പ് തുടരുന്നതിനാൽ സൈയാരായുടെ കളക്ഷൻ ഇനിയും ഉയരാനാണ് സാധ്യത.
ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളും എടുത്താലും ഈ വര്‍ഷം 500 കോടിക്ക് മുകളില്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കും സൈയാര. ബോളിവുഡ് ചിത്രം ഛാവ മാത്രമാണ് ഈ വര്‍ഷം ആ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് മാത്രം 693 കോടി നേടിയിരുന്നു ഛാവ. ഈ വർഷം പുറത്തുവന്ന ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ ചിത്രങ്ങളെയെല്ലാം സൈയാരാ ഇതിനോടകം മറികടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദർ, ആമിർ ചിത്രം സിത്താരെ സമീൻ പർ, അക്ഷയ് കുമാർ ചിത്രങ്ങളായ കേസരി ചാപ്റ്റർ 2, ഹൗസ്ഫുൾ 5 എന്നീ സിനിമകളെയാണ് കളക്ഷനിൽ സൈയാരാ മറികടന്നിരിക്കുന്നത്.
ആഷിഖി 2 , ഏക് വില്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മോഹിത് സൂരി. അദ്ദേഹത്തിന്റെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ സ്വീകാര്യത നേടുക പതിവാണ്. സൈയാരായിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടുന്നുണ്ട്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് സിനിമ നിർമിക്കുന്നത്. സങ്കല്പ് സദാനഹ്, രോഹൻ ശങ്കർ എന്നിവരാണ് സിനിമയുടെ എഴുത്തുകാർ. വികാസ് ശിവരാമൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Content Highlights: Bollywood film Saiyaara breaks Mohanlal's record