രണ്ടാമത് വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ; സാന്ദ്ര തോമസിനെ പരിഹസിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍

'മമ്മൂട്ടിയെ കുറിച്ച് സാന്ദ്ര പറഞ്ഞതെല്ലാം നുണയാണെന്ന് തെളിയിക്കാന്‍ ആണ് സാന്ദ്രയുടെ പഴയ വീഡിയോ ഞാന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

dot image

നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ ശക്തമാവുകയാണ്. ഇപ്പോള്‍ സാന്ദ്ര തോമസിനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പര്‍ദ ധരിച്ചുകൊണ്ടായിരുന്നു സാന്ദ്ര എത്തിയിരുന്നത്.

നിലവില്‍ നിര്‍മാതാക്കളുടെ സംഘടന സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ലെന്ന് പറഞ്ഞുകൊണ്ട് പ്രതിഷേധാത്മകമായിട്ടായിരുന്നു സാന്ദ്ര പര്‍ദ ധരിച്ചുകൊണ്ട് എത്തിയത്. ഇതിനെയടക്കമാണ് ലിസ്റ്റിന്‍ പരിഹസിച്ചത്. സാന്ദ്രയുടേത് വെറും ഷോ ആണ്. ആദ്യം പര്‍ദ്ദ ധരിച്ചെത്തി, രണ്ടാമത് വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ എന്ന് ലിസ്റ്റിന്‍ ചോദിച്ചു.

സാന്ദ്ര ഉയര്‍ത്തിയ വിമര്‍ശനങ്ങളോടും ആരോപണങ്ങളോടും സ്ത്രീ ആയതുകൊണ്ടാണ് ആദ്യം പ്രതികരിക്കാതിരുന്നതെന്നും ലിസ്റ്റിന്‍ പറഞ്ഞു. 'മമ്മൂട്ടിയെ കുറിച്ച് സാന്ദ്ര പറഞ്ഞതെല്ലാം നുണയാണെന്ന് തെളിയിക്കാന്‍ ആണ് സാന്ദ്രയുടെ പഴയ വീഡിയോ ഞാന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടി സിനിമയില്‍ നിന്ന് പിന്മാറി എന്ന് സാന്ദ്ര പറയുന്നു. എത്രയോ ആര്‍ട്ടിസ്റ്റുകള്‍ പല സിനിമകളില്‍ നിന്നും പിന്മാറുന്നു. മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നു,' ലിസ്റ്റിന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെ കുറിച്ചും ലിസ്റ്റിന്‍ വിശദീകരിച്ചു. നിയമപ്രകാരമാണ് സാന്ദ്ര മത്സരിക്കേണ്ട എന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറയുന്ന അത്രയും സിനിമകള്‍ സാന്ദ്രയുടെ ബാനറില്‍ ഇല്ല. സാന്ദ്രയുടെ പേരില്‍ ഉള്ളതല്ല, സാന്ദ്ര തോമസ് പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. കോടതി പറഞ്ഞാല്‍ സാന്ദ്ര മത്സരിക്കട്ടെ. ഉത്തരവ് അനുകൂലമായാല്‍ ഞങ്ങള്‍ എതിര്‍ക്കില്ല,' ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Content Highlights: Listin Stephen about Sandra Thomas

dot image
To advertise here,contact us
dot image