
ദേശീയ ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും വിവാദങ്ങളും ഉടലെടുത്തുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുകേഷ്. അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ അഭിപ്രായം പറയരുതെന്നും അതിനുശേഷം എന്തെങ്കിലും പറഞ്ഞാല്‍ മാറ്റം ഉണ്ടാകില്ല എന്നും മുകേഷ് പറഞ്ഞു.
'അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ അഭിപ്രായം പറയരുത്. അതിന് മുന്‍പ് എന്തും പറയും. പ്രഖ്യാപിച്ച് കഴിഞ്ഞ് എന്തേലും പറഞ്ഞാല്‍ മാറ്റം ഉണ്ടാകില്ല. ജൂറിയാണ് അള്‍ട്ടിമേറ്റ്. അവാര്‍ഡ് കിട്ടിയവരെ അഭിനന്ദിക്കുകയാണ് എന്റെ ശീലം' എന്ന് മുകേഷ് പറഞ്ഞു. അതേസമയം, കേരള സ്റ്റോറിയ്ക്ക് അവാര്‍ഡ് കൊടുത്തത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പലവിധത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വിദ്വേഷവും വ്യാജവിവരങ്ങളും അവതരിപ്പിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് അവാര്‍ഡ് നല്‍കിയതിന് എതിരെയായിരുന്നു പ്രധാനമായും പരാതികള്‍ ഉയര്‍ന്നത്. മികച്ച സംവിധാനത്തിനും ഛായാഗ്രഹണത്തിനുമായിരുന്നു കേരള സ്റ്റോറിയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
ഉര്‍വശി(ഉള്ളൊഴുക്ക്)യെയും വിജയരാഘവനെ(പൂക്കാലം)യും സഹനടി/നടന്‍ വിഭാഗത്തിലേക്ക് പരിഗണിച്ചതിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഇരു ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളെയായിരുന്നു ഇവര്‍ അവതരിപ്പിച്ചിരുന്നത്. മാത്രമല്ല, സംസ്ഥാന പുരസ്‌കാരവേദിയില്‍ ഉര്‍വശിക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ, ഉര്‍വശി തന്നെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. അവാര്‍ഡ് സ്വീകരിക്കണമോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു ഉര്‍വശി പറഞ്ഞത്.
വിജയരാഘവന് മികച്ച ക്യാരക്ടര്‍ ആക്ടറിനുള്ള പുരസ്‌കാരമായിരുന്നു സംസ്ഥാന അവാര്‍ഡില്‍ ലഭിച്ചിരുന്നത്. ആ സമയത്തും മികച്ച നടനും സഹനടനും കണക്കാക്കുന്നതിലെ മാനദണ്ഡങ്ങള്‍ വിമര്‍ശിക്കപ്പെടിരുന്നു.
Content Highlights: Mukesh says there is no point in criticizing national film awards after the announcement