കൂലി ടൈം ട്രാവൽ ചിത്രം, രജനി എത്തുന്നത് പാസ്റ്റിൽ നിന്ന്? ട്രെയിലറിന് പിന്നാലെ ചർച്ചയായി ആരാധകരുടെ തിയറികൾ

ഫ്യൂച്ചറിൽ ഒരു മിഷൻ പൂർത്തിയാക്കാനായി ആണ് ആ കഥാപാത്രത്തെ കൊണ്ടുവരുന്നതെന്നും പലരും എക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ഇന്നലെ സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ലോകേഷ് സ്റ്റൈലിലുള്ള ഒരു പക്കാ ആക്ഷൻ എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഇപ്പോഴിതാ ട്രെയ്‌ലർ റിലീസിന് പിന്നാലെ കൂലി ഒരു ടൈം ട്രാവൽ ചിത്രമാണോയെന്ന സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകർ.

ചിത്രത്തിന്റെ ട്രെയിലറിൽ സത്യരാജ് എന്തോ എക്സ്പെരിമെന്റ് ചെയ്യുന്നതും ഒരു ഇലക്ട്രിക് കസേരയും കാണാം. ഇതോടൊപ്പം സൗബിന്റെ കയ്യിൽ ഒരു വാച്ചും അത് കറങ്ങുന്നതായും കാണാവുന്നതാണ്. ഇതെല്ലാം കൂട്ടിച്ചേർത്താണ് സിനിമാപ്രേമികൾ കൂലി ഒരു ടൈം ട്രാവൽ ചിത്രമായേക്കാം എന്ന കണക്കുക്കൂട്ടലിലേക്ക് എത്തിയിരിക്കുന്നത്. ഒപ്പം ട്രെയിലറിൽ നിന്നുള്ള പല സീനുകളും പ്രേക്ഷകർ ഡീകോഡ് ചെയ്യുന്നുണ്ട്. രജനികാന്തിന്റെ കഥാപാത്രം പാസ്റ്റിൽ നിന്ന് എത്തിയതാണെന്നും ഫ്യൂച്ചറിൽ ഒരു മിഷൻ പൂർത്തിയാക്കാനായി ആണ് ആ കഥാപാത്രത്തെ കൊണ്ടുവരുന്നതെന്നും പലരും എക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ട്രെയിലറിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും പലരും പങ്കുവെക്കുന്നുണ്ട്.

മലയാളി നടൻ സൗബിനും ട്രെയിലറിൽ മികച്ചതായാണ് കാണുന്നത്. ആമിർ ഖാന്റെ ലുക്കിനെയും നാഗാർജുന്റെ പ്രകടനത്തിനും നല്ല പ്രതികരണങ്ങളാണ് എത്തുന്നത്. രജനികാന്ത് ആരാധകർക്ക് അദ്ദേഹത്തെ കൊണ്ടാടാനുള്ളതെല്ലാം സിനിമയിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ. ഞൊടിയിടയിലാണ് ട്രെയ്ലർ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Coolie is a time travel movie says fans

dot image
To advertise here,contact us
dot image