
തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ വിജയ് സേതുപതി. ഇത്തരം വൃത്തികെട്ട ആരോപണങ്ങൾക്ക് തന്നെ തളർത്താൻ കഴിയില്ലെന്നും പരാതിക്കാരി മാധ്യമശ്രദ്ധ നേടാനായാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നടൻ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് സൈബർ ക്രൈമിൽ പരാതി നൽകിയിട്ടുണ്ടെന്നും നടൻ ഡെക്കാൻ ക്രോണിക്കിളിനോട് പ്രതികരിച്ചു.
'എന്നെ അല്പമെങ്കിലും അറിയാവുന്ന ആരും ആ ആരോപണം കേട്ട് ചിരിക്കും. ഇത്തരം ആരോപണങ്ങൾക്ക് എന്നെ തളർത്താൻ കഴിയില്ല. എന്റെ കുടുംബവും സുഹൃത്തുക്കളും വിഷമത്തിലാണ്. പക്ഷെ ഞാൻ അവരോട് പറഞ്ഞു 'മാധ്യമശ്രദ്ധ നേടാൻ വേണ്ടിയാണ് അവർ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. അവർക്ക് കിട്ടുന്ന അല്പനേരത്തെ ശ്രദ്ധ അവർ ആസ്വദിച്ചോട്ടേ'. ഞങ്ങൾ സൈബർ ക്രൈമിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ പലതരം അപവാദപ്രചാരണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ഇത്തരം വേട്ടയാടലുകൾ എന്നെ ഇതുവരെ ബാധിച്ചിട്ടില്ല, ഇനി ഒരിക്കലും ബാധിക്കുകയുമില്ല', വിജയ് സേതുപതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രമ്യ മോഹൻ എന്ന പേരിലുള്ള ഒരു എക്സ് അക്കൗണ്ടിൽ നിന്ന് നടനെതിരെ ആരോപണമുയർന്നത്. തനിക്കറിയാവുന്ന ഒരു പെൺകുട്ടിയെ വിജയ് സേതുപതി ലൈംഗികമായി ദുരുപയോഗിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. നടൻ യുവതിയ്ക്ക് ‘കാരവാൻ ഫേവറി’ന് രണ്ട് ലക്ഷം രൂപയും 'ഡ്രൈവുകൾ'ക്ക് അൻപതിനായിരം രൂപയും വാഗ്ദാനം ചെയ്തതായും പോസ്റ്റിൽ കുറിച്ചിരുന്നു.
Content Highlights: Vijay sethupathi denies sexual assault allegations