
ഇന്ത്യൻ ബോക്സ് ഓഫീസ് പോലെ തന്നെ ഓവർസീസ് കളക്ഷനും സിനിമകളുടെ വിജയപരാജയങ്ങളിൽ വലിയ സ്ഥാനമുണ്ടാകാറുണ്ട്. ഇപ്പോഴിതാ 2025 ൽ ഇതുവരെ ഓവർസീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. രണ്ട് സിനിമകളുമായി മലയാളത്തിന്റെ മോഹൻലാൽ തന്നെയാണ് ലിസ്റ്റിൽ മുന്നിട്ട് നിൽക്കുന്നത്.
പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'എമ്പുരാൻ' ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ഓവർസീസിൽ നിന്ന് ചിത്രം 16.90 മില്യൺ ഡോളറാണ് നേടിയത്. 265 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷൻ. 325 കോടിയാണ് ചിത്രം ആഗോള ബിസിനസിലൂടെ നേടിയത്. മികച്ച പ്രതികരണം നേടിയ സിനിമയുടെ മേക്കിങ്ങിന് നിരവധി കയ്യടികളാണ് ലഭിച്ചത്. മലയാളം കണ്ട ഏറ്റവും വലിയ ബഡ്ജറ്റിലാണ് എമ്പുരാൻ ഒരുങ്ങിയത്.
ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു റൊമാന്റിക് ബോളിവുഡ് ചിത്രമാണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. മോഹിത് സൂരി ഒരുക്കിയ 'സൈയാരാ' ആണ് മോഹൻലാലിന്റെ തുടരുമിനെ പിന്തള്ളി രണ്ടാം ഇടത്തേക്ക് കുതിച്ചിരിക്കുന്നത്. ഇതുവരെ 11 മില്യൺ ഡോളറാണ് സിനിമയുടെ സമ്പാദ്യം. വിജയകരമായി പ്രദർശനം തുടരുന്ന സിനിമയുടെ കളക്ഷൻ ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ.
404 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 318 കോടി ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം പുറത്തുവന്ന ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ ചിത്രങ്ങളെയെല്ലാം സൈയാരാ ഇതിനോടകം മറികടന്നു. തരുൺ മൂർത്തി ഒരുക്കിയ 'തുടരും' ആണ് മൂന്നാം സ്ഥാനത്ത്. 11 മില്യൺ ഡോളറാണ് സിനിമയുടെ നേട്ടം. കേരളത്തിൽ നിന്നും 50 കോടി ഷെയർ നേടുന്ന ആദ്യ മലയാള സിനിമ കൂടിയാണ് തുടരും. തരുൺ മൂർത്തി ഒരുക്കിയ സിനിമ മലയാളത്തിലെ സകല റെക്കോർഡുകളും തകർത്താണ് തിയേറ്റർ വിട്ടത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
Top 4 Indian Movies Overseas Grossers so far (2025)*
— AB George (@AbGeorge_) July 30, 2025
1. #Empuraan $16.90M
2. #Saiyaara $11M+* (Still running)
3. #Thudarum $11M
4. #Chhaava $10.25M
Empuraan - Thudarum - Mohanlal 🔥 pic.twitter.com/pNo3TS1w0e
വിക്കി കൗശൽ നായകനായി എത്തിയ ബോളിവുഡ് ചിത്രം 'ഛാവ'യാണ് നാലാം സ്ഥാനം നേടിയിരിക്കുന്നത്. 10.25 മില്യൺ ഡോളറാണ് 'ഛാവ'യുടെ നേട്ടം. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 557 കോടിയാണ് സിനിമ നേടിയത്. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് കളക്ഷനിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നു. സിനിമയിലെ വിക്കി കൗശലിന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു.
Content Highlights: Saiyaara beats Thudarum at overseas box office