
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കാന്ത എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത്. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ എത്തുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ഞെട്ടിക്കുന്ന പ്രകടനമായിരിക്കും ദുൽഖർ സിനിമയിൽ കാഴ്ചവെക്കാൻ പോകുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു സൂപ്പർസ്റ്റാറും സംവിധായകനും തമ്മിലുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ടീസർ നൽകുന്ന സൂചന. സെപ്റ്റംബർ 12 നാണ് ചിത്രം പുറത്തുവരുന്നത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് . ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി എന്നിവർക്കൊപ്പം തെലുങ്കു സൂപ്പർതാരം റാണ ദഗ്ഗുബതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത' എന്ന പ്രത്യേകതയുമുണ്ട്. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.
Content Highlights: Dulquer film Kaantha teaser out now