
ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന പരാതിയിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി പൊലീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. അക്കൗണ്ട് രേഖകൾ സമർപ്പിക്കാനും നിർദേശം ഉണ്ട്.
എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ 'മഹാവീര്യര്‍' ചിത്രത്തിന്റെ സഹനിര്‍മാതാവ് പി എസ് ഷംനാസാണ് ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കിയിരിക്കുന്നത്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് 'ആക്ഷന്‍ ഹീറോ ബിജു 2'-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി.
ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നൽകിയെന്നാണ് പൊലീസ് എഫ് ഐ ആറിൽ പറയുന്നത്. നിവിൻ പോളിയുടെ 'പോളി ജൂനിയർ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരിൽ മുൻകൂറായി കൈപ്പറ്റിയെന്നും എഫ്ഐആറിൽ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നുണ്ട്.
Content Highlights: Nivin Pauly and Abrid Shine issued notices to appear for questioning on cheating case