
മികച്ച സിനിമകൾ കൊണ്ടും തിരക്കഥകൾ കൊണ്ടും സിനിമാപ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം സിനിമയിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധനേടിയ സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണ് ജീത്തു. ജോർജ് കുട്ടി തന്റെ കുടുംബത്തിനെ ബാധിക്കുന്ന എന്തെങ്കിലും ഒരു പ്രശ്‌നം വന്നാൽ മരണം വരെ പോരാടുമെന്നും അയാൾ അങ്ങനെയാണെന്നും ജീത്തു പറഞ്ഞു. എന്നാൽ മറുവശത്ത് മകന്‍ അപായപ്പെട്ടുവെന്ന് അവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ ഒരു ഫീലിങ്ങ് ഉണ്ടായിരുന്നുവെന്നും എന്ത് തെറ്റ് ചെയ്താലും തങ്ങളുടെ മകനേ കൊല്ലാനുള്ള അവകാശം ഇല്ലെന്നാണ് വരുണിന്റെ മാതാപിതാക്കള്‍ ചിന്തിക്കുകയെന്നും ജീത്തു പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നൽകിയ അഭുമുഖത്തിലാണ് പ്രതികരണം.
‘ജോര്‍ജ് കുട്ടിയെ സംബന്ധിച്ചിടത്തോളം അയാളൊരു അനാഥനാണ്. സ്വന്തമായി അധ്വാനിച്ച് വളര്‍ന്ന് വന്ന ആളാണ് ജോര്‍ജുകുട്ടി. ഇത്രയും സമ്പാദിച്ച കൂട്ടത്തില്‍ അധ്വാനിച്ച് വളര്‍ത്തിയ കുടുംബത്തില്‍ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാല്‍ അതുപോലെ അയാളത് പിടിച്ച് നിര്‍ത്താന്‍വേണ്ടി ശ്രമിക്കും. അത് മരണം വരെ പിടിച്ച് നിര്‍ത്തും. അത് പുള്ളിയുടെ ക്യാരക്ടറാണ്.
അപ്പുറത്തെ വശത്ത് ഒറ്റയൊരു മകനാണ്. അമ്മയുടെ ഭാഗത്ത് നിന്ന് വളര്‍ത്തുദോഷം ഉണ്ടായിട്ടുണ്ട്. പ്രഭാകര്‍ എന്ന് പറയുന്ന ആള്‍ക്ക് അതില്‍ അഭിപ്രായ വ്യത്യസവുമുണ്ട്. പക്ഷേ അവരുടെ മകനാണ്. തുടക്കത്തിലൊക്കെ മകനെ കാണുന്നില്ലെന്നാണ് അവര്‍ വിചാരിക്കുന്നത്. പക്ഷേ ഉള്ളില്‍ എവിടെയോ മകന്‍ അപായപ്പെട്ടുവെന്ന് ഫീലിങ് ഉണ്ട്. ആ പേടിയോടെയാണ് മുന്നോട്ട് പോകുന്നത്. അവര്‍ക്കൊരിക്കലും അത് പൊറുക്കാന്‍ പറ്റില്ല. അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അവര്‍ക്ക് ഇവനെ കൊല്ലാനുള്ള അവകാശം ഇല്ല,’ ജീത്തു ജോസഫ് പറഞ്ഞു.
ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗവും ഒരുങ്ങുകയാണ്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്ന് കഴിഞ്ഞ ദിവസം ജീത്തു ജോസഫ് മനസുതുറന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
Content Highlights: Jeethu Joseph talks about the characters in the movie Drishyam