
തന്നെക്കുറിച്ച് മമ്മൂട്ടിയെപ്പോലെ ഒരു നടൻ സംസാരിച്ചത് തനിക്ക് വളരെ സന്തോഷം നൽകിയെന്ന് സംഗീത സംവിധായകൻ സുഷിൻ ശ്യാം. പുതിയ ആൾക്കാരെ ശ്രദ്ധിക്കാനും അവരെ പരിഗണിക്കാനും മമ്മൂക്കക്ക് എപ്പോഴും ഉത്സാഹമാണെന്നും അതുകൊണ്ടാണ് അദ്ദേഹം ലെജൻഡായി നിൽക്കുന്നതെന്നും സുഷിൻ പറഞ്ഞു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് സുഷിൻ മമ്മൂട്ടിയെക്കുറിച്ച് മനസുതുറന്നത്.
'മമ്മൂക്കയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്താ പറയുക, പുള്ളി എന്നെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഭീഷ്മയുടെ പ്രൊമോഷന്റെ സമയത്ത് എന്റെ പേരൊക്കെ എടുത്തു പറഞ്ഞിരുന്നു. 'സുഷിനൊക്കെ ചെയ്ത് വെച്ചത് കണ്ടാൽ ഞെട്ടും' എന്ന് മമ്മൂക്ക പറയുമ്പോൾ അത് വല്ലാത്ത സന്തോഷമാണ് തന്നിരുന്നത്. മമ്മൂക്കക്ക് വേണ്ടി ഭീഷ്മ പർവത്തിന് മുമ്പ് വർക്ക് ചെയ്തിരുന്നു. ഗ്രേറ്റ് ഫാദറിന്റെ സമയം തൊട്ട് പുള്ളി നമ്മളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നെപ്പറ്റി പലയിടത്തും സംസാരിച്ചത് കേട്ടിട്ടുണ്ട്. ഒരു ആക്ടർ എന്നതിനെക്കാൾ ഒരു വ്യക്തി എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണമാണ് പലപ്പോഴും മമ്മൂക്ക എന്ന് തോന്നിയിട്ടുണ്ട്. വലിയ ഉയരത്തിലെത്തി നിൽക്കുമ്പോഴും ഏറ്റവും താഴെയുള്ളവരെക്കുറിച്ച് പുള്ളി ചിന്തിക്കുന്നുണ്ട്.
പുതിയ ആൾക്കാരെ ശ്രദ്ധിക്കാനും അവരെ പരിഗണിക്കാനും മമ്മൂക്കക്ക് എപ്പോഴും ഉത്സാഹമാണ്. അതുകൊണ്ടാണ് അദ്ദേഹം ലെജൻഡായി നിൽക്കുന്നത്. ഭീഷ്മയുടെ വർക്ക് എനിക്ക് കുറച്ചൊക്കെ സിമ്പിളായിരുന്നു. മമ്മൂക്കയുടെ സ്വാഗൊക്കെ സ്ക്രീനിൽ കാണുമ്പോൾ അതിനനുസരിച്ച് സ്കോർ ഉണ്ടാക്കാൻ എളുപ്പമായിരുന്നു,' സുഷിൻ ശ്യാം പറഞ്ഞു.
മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവത്തിൽ സുഷിൻ ഈണം നൽകിയ ഗാനങ്ങളും ബിജിഎമ്മും വലിയ ശ്രദ്ധ നേടിയിരുന്നു. സുഷിന്റെ ബിജിഎമ്മിന്റെ അകമ്പടിയിൽ മമ്മൂട്ടി നടന്നുവരുന്ന സീനെല്ലാം തിയേറ്ററിൽ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമയായ പേട്രിയറ്റിന് സംഗീതം നൽകുന്നതും സുഷിൻ ആണ്.
Content Highlights: Sushin shyam about mammootty