'എന്റെ മോനെ തൊടുന്നോടാ?', 'ഹൃദയ'ത്തിലെ കോളറ് പിടുത്തത്തിന് 'ഹൃദയപൂർവ്വ'ത്തിൽ മറുപടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആദ്യം പ്രണവ് മോഹൻലാലിനൊപ്പം ഇപ്പോഴിതാ മോഹൻ ലാലിനൊപ്പം ഫുൾ മൂവിയിൽ അഴിഞ്ഞാട്ടം എന്നാണ് ആരാധകർ കുറിക്കുന്നത്.

dot image

മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിന് പിന്നാലെ ടീസറിലെ സംഗീത് പ്രതാപിന്റെ സീനുകൾ വൈറലാകുകയാണ്. സംഗീത് പ്രതാപിന്റെ കോളറിന് കുത്തിപിടിച്ചാൽ പടങ്ങൾ ഹിറ്റാകുമോ എന്നാണ് രസകരമായ കമന്റുകളിലൂടെ ഉദാഹരങ്ങൾ നിരത്തി സോഷ്യൽ മീഡിയ ചോദിക്കുന്നത്.

സംഗീതിന്റെ ഹിറ്റ് ചിത്രമായ പ്രേമലുവിൽ നായകനായ നസ്ലെൻ ഷർട്ടിൽ പിടിച്ചിട്ട് 'ഇനി നടക്കപോറത് യുദ്ധം' എന്ന് പറയുന്ന സീനുണ്ട്. ഇതിനോട് സാമ്യമുള്ള ഒരു സീൻ ഹൃദയപൂർവ്വം ടീസറിൽ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകർ. ഇത് മാത്രമല്ല വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ എത്തിയ ഹൃദയം സിനിമയിൽ പ്രണവ് മോഹൻലിന്റെ കോളറിന് സംഗീത് പിടിക്കുന്ന സീനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സംഗീത് പ്രണവിന്റെ കോളറിന് പിടിക്കുന്ന ചിത്രവും മോഹൻലാൽ സംഗീതിനെ തിരിച്ച് പിടിക്കുന്ന ചിത്രവും പങ്കുവെച്ച് 'നീ എന്റെ മകനെ തൊടുന്നോടാ…' ,'ഇപ്പോൾ സമാ സമം', തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. 'ഹൃദയ'ത്തിലെ കോളറ് പിടുത്തത്തിന് 'ഹൃദയപൂർവ്വ'ത്തിൽ മറുപടി എന്നും, ആദ്യം മകനൊപ്പം ഇപ്പോഴിതാ അച്ഛനൊപ്പം ഫുൾ മൂവിയിൽ അഴിഞ്ഞാട്ടം എന്നാണ് ആരാധകർ കുറിക്കുന്നത്.

ഹൃദയത്തിൽ പ്രണവ് മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സീനിയർ വേഷമാണ് സംഗീത് സിനിമയിൽ അവതരിപ്പിച്ചത്. ഇരുവരുടെയും ചെറിയ ഫൈറ്റ് സീനിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. അതുമാത്രമല്ല, മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ തുടരുമിലും സംഗീത് മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിട്ടിരുന്നു. ഏതാനും മിനിറ്റുകൾ മാത്രം ഒതുങ്ങുന്ന സീൻ ആയിരുന്നെങ്കിലും ഇരുവരുടെയും കോംബോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആ വൈബ് ഹൃദയപൂർവത്തിലും ലഭിക്കുമെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.

Content Highlights: After the teaser Hridayapoorvam, the scene in the movie Hridayam became of discussion

dot image
To advertise here,contact us
dot image