പൃഥ്വിയുടെ ഡേറ്റ് വാങ്ങിയിരുന്നു;പക്ഷെ ജ്യോതിക പറഞ്ഞതുകൊണ്ട് സൂര്യയെ വിളിക്കേണ്ടി വന്നു:രേവതി വര്‍മ

'അങ്ങനെ ജ്യോതിക കാരണം ആ വേഷത്തിലേക്ക് സൂര്യയെ വിളിച്ചു. പൃഥ്വിരാജിനോട് എനിക്ക് പിന്നീട് സോറി പറയേണ്ടി വന്നു'

dot image

ജ്യോതികയെ നായികയാക്കി 2006ല്‍ 'ജൂണ്‍ ആര്‍' എന്ന ചിത്രത്തിലൂടെയാണ് രേവതി ആർ വർമ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. രേവതി വര്‍മയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ജൂണ്‍ ആര്‍. ആദ്യം ഹിന്ദിയില്‍ ചിത്രീകരിക്കാനുദ്ദേശിച്ച സിനിമ പിന്നീട് തമിഴില്‍ ഒരുക്കുകയായിരുന്നു. 2006ല്‍ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയിരുന്നില്ല. സിനിമയിൽ അതിഥിവേഷത്തില്‍ സൂര്യയും പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് പൃഥ്വിരാജിനെയായിരുന്നെന്ന് പറയുകയാണ് രേവതി. പൃഥ്വിയോട് കഥ പറഞ്ഞെന്നും ഡേറ്റ് വാങ്ങിയെന്നും രേവതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷൂട്ട് ആരംഭിച്ചപ്പോള്‍ ജ്യോതിക തന്നോട് സംസാരിച്ചെന്നും ഗസ്റ്റ് റോളിലേക്ക് സൂര്യ വന്നാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞെന്നും അവര്‍ പറയുന്നു. ഒടുവില്‍ പൃഥ്വിയെ മാറ്റി സൂര്യയെ തനിക്ക് കാസ്റ്റ് ചെയ്യേണ്ടി വന്നെന്നും രേവതി വര്‍മ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ആദ്യത്തെ സിനിമയാണ് ജൂണ്‍ ആര്‍. ആ സിനിമയുടെ കാസ്റ്റിങ്ങെല്ലാം ആദ്യമേ ഫിക്‌സ് ചെയ്തതായിരുന്നു. നായികയായി ജ്യോതികയും പിന്നെ ഖുശ്ബു അങ്ങനെ. ഗസ്റ്റ് റോളിലേക്ക് ആദ്യം ഉദ്ദേശിച്ചത് പൃഥ്വിരാജിനെയായിരുന്നു. മല്ലിക സുകുമാരനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. അങ്ങനെയാണ് പൃഥ്വിയിലേക്ക് എത്തിയത്. അദ്ദേഹം ഓക്കെ പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് ജ്യോതിക എന്നോട് സംസാരിച്ചു. ‘ആ ഗസ്റ്റ് റോളിലേക്ക് സൂര്യ വന്നാല്‍ നന്നായിരിക്കും, ഇങ്ങനെയുള്ള കഥകള്‍ അയാള്‍ക്ക് ഇഷ്ടമാണ്. ഒന്ന് ചോദിക്കമോ?’ എന്ന് എന്നോട് പറഞ്ഞു. അങ്ങനെ ജ്യോതിക കാരണം ആ വേഷത്തിലേക്ക് സൂര്യയെ വിളിച്ചു. പൃഥ്വിരാജിനോട് എനിക്ക് പിന്നീട് സോറി പറയേണ്ടി വന്നു,’ രേവതി പറയുന്നു.

Content Highlights:  Revathi Varma reveals the reason behind Prithviraj's replacement in the movie June R

dot image
To advertise here,contact us
dot image