
പൃഥ്വിരാജിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഡ്രാമ ചിത്രമാണ് അയാളും ഞാനും തമ്മിൽ. മികച്ച അഭിപ്രായം നേടിയ സിനിമ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിലെ ‘അഴലിന്റെ ആഴങ്ങളില്‍’ എന്ന ഗാനം ഇന്നും പലരുടെയും പ്ലേ ലിസ്റ്റ് ഭരിക്കുന്ന പാട്ടുകളിൽ ഒന്നാണ്. നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണ് ഈ പാട്ടെന്ന് പറയുകയാണ് ലാൽ ജോസ്. ആദ്യ കാലത്തെ മലയാളം സിനിമകളില്‍ ഒരു വിരഹഗാനം എന്തായാലും ഉണ്ടാകുമെന്നും എന്നാല്‍ അത് കുറഞ്ഞു വന്ന സമയത്താണ് ‘അഴലിന്റെ ആഴങ്ങളില്‍’ എന്ന പാട്ട് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യെസ് 27 മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണ് ‘അഴലിന്റെ ആഴങ്ങളില്‍’ എന്ന പാട്ട്. മലയാള സിനിമയില്‍ അത്തരം പാട്ടുകള്‍ ഒരുപാട് ഉണ്ടായിരുന്നു ‘സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍’ എന്ന പാട്ടുകള്‍ പോലുള്ളതൊക്കെ സിനിമകളുടെ ഭാഗമായിരുന്നു. എല്ലാ സിനിമയിലും ഒരു വിരഹഗാനം എന്ന രീതിയില്‍ ഉണ്ടായിരുന്നു. രണ്ട് പ്രണയം, ഒരു വിരഹം, ഒരു ദുഖം, എന്നിങ്ങനെ പറഞ്ഞുള്ള പാട്ടുകള്‍ ഉണ്ടായിരുന്നല്ലോ.
പിന്നീട് അത് കുറഞ്ഞ്, കുറഞ്ഞ് അന്യം നിന്നുപോയി. വിരഹഗാനങ്ങള്‍ക്ക് ഒരു ഒഴിവ് വന്ന സമയത്താണ് ‘അഴലിന്റെ ആഴങ്ങളില്‍’ വരുന്നത്. അങ്ങനെ ഒരു വിരഹഗാനത്തിന്റെ സ്‌കോപ്പ് പിന്നീട് സിനിമകളില്‍ അങ്ങനെ ഉണ്ടായിട്ടില്ല. അവസാനം വന്ന വിരഹഗാനം ഇതായതുകൊണ്ട് ആളുകള്‍ ഇതുതന്നെ കേട്ടുകൊണ്ട് നില്‍ക്കുന്നതാണ്. ഇതിനേക്കാള്‍ നല്ലൊരു വിരഹഗാനം വന്നാല്‍ ഈ പാട്ട് റീപ്ലെയ്‌സ് ചെയ്യപ്പെടും,’ ലാല്‍ ജോസ് പറയുന്നു.
Content Highlights: Lal Jose on the song from the movie Ayalum Njanum Thammil