ഓഗസ്റ്റിൽ ഓണത്തല്ല് തിയേറ്ററിൽ കാണാം; മോഹൻലാലും ഫഹദും തീയതി ഉറപ്പിച്ചു, ബാക്കിയുള്ളത് കല്യാണിയും നസ്‌ലെനും

ഓണം റിലീസുകളോടെ മലയാള സിനിമ ബോക്സ് ഓഫീസില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷ

dot image

2025ൽ ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകളിട്ട് മുന്നേറിയ മലയാളം സിനിമ ഇപ്പോൾ ഒരൽപം തണുപ്പൻ മട്ടിലാണ്. സിനികളുടെ റിലീസിൽ വലിയ കുറവുണ്ടായിട്ടെങ്കിലും മമ്മൂട്ടി ചിത്രങ്ങളടക്കം വലിയ നേട്ടമുണ്ടാക്കാതെ തിയേറ്റർ വിട്ടിരിക്കുകയാണ്. അതേസമയം, എമ്പുരാനും തുടരുമും വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു.

ഇനി മലയാളം ഉറ്റുനോക്കുന്നത് ഓണം റിലീസുകളിലേക്കാണ്. സെപ്റ്റംബർ അഞ്ചിന് ഓണമെത്തുമ്പോൾ ഒരാഴ്ച മുൻപേ മലയാള സിനിമകൾ തിയേറ്ററുകളില്‍ എത്തും. മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഹൃദയപൂർവം ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തും. ഇരുവരും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്.

സത്യൻ അന്തിക്കാട് സ്‌റ്റൈലിൽ മോഹൻലാലിനെ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 'ഹൃദയപൂർവ്വം ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടൻറെ സാധാരണ സിനിമകളിൽ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ മോഹൻലാൽ പറഞ്ഞത്.

അൽത്താഫ് സലീം ഒരുക്കുന്ന ഓടും കുതിര ചാടും കുതിര ആണ് ഓണത്തിന് എത്തുന്ന അടുത്ത ചിത്രം. ചിത്രവും ഓഗസ്റ്റ് 28നാണ് തിയേറ്ററുകളിലെത്തുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് ചെയ്യുന്ന ചിത്രമാണിത്. ഫഹദ് ഫാസിൽ നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, രേവതി എന്നിവരാണ് നായികമാർ. ചിത്രം പ്രോപ്പർ റൊമാന്റിക് കോമഡി ആണെന്നും ഒരുപാട് ചിരിക്കാനുള്ള വകയുണ്ടാകുമെന്നുമാണ് നിർമാതാവായ ആഷിഖ് ഉസ്മാൻ റിപ്പോർട്ടറിനോട് പറഞ്ഞത്.

മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർഹീറോയെ അവതരിപ്പുന്ന ലോക: ചാപ്റ്റർ 1 ചന്ദ്ര എന്ന ചിത്രമാണ് ഓണത്തിന് എത്തുന്ന അടുത്ത ചിത്രം. കല്യാണി പ്രിയദർശൻ സൂപ്പർഹീറോയായി എത്തുന്ന ചിത്രത്തിൽ നസ് ലെനാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൊമിനിക് അരുൺ ആണ്. ലോക എന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രം കൂടിയാണ് ഇത്. സിനിമ ഓഗസ്റ്റ് 29ന് തിയേറ്ററുകൡലെത്തുമെന്നാണ് റിപ്പോർട്ടുകൾ. റിലീസ് തീയതി അണിയറപ്രവർത്തകർ വൈകാതെ ഔദ്യോഗികമായി പുറത്തുവിടും.

ഇതുകൂടാതെ ഷെയ്ൻ നിഗം നായകനാകുന്ന ബാൾട്ടി എന്ന ചിത്രവും ഓണം റിലീസായി എത്തുന്നുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌പോർട്‌സ് ആക്ഷൻ ഴോണറിലെത്തുന്ന ചിത്രത്തിൽ ഉദയൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നത്. താരത്തിന്റെ 25ാം ചിത്രമാണിത്. സിനിമയും ഓഗസ്റ്റ് അവസാന വാരം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Onam releases in Kerala box office: Hridayapoorvam, Lokah,Odum Kuthira Chaadum Kuthira and Balti to hit theatres in August

dot image
To advertise here,contact us
dot image