നോ മോർ ഫീൽ ഗുഡ്, ഇത്തവണ സംഗതി ത്രില്ലറാണ്; 'മലർവാടി'യുടെ പതിനഞ്ചാം വർഷത്തിൽ പുതിയ സിനിമയുമായി വിനീത്

വിനീതിന്റെ പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് നോബിള്‍ ബാബുവാണ്

dot image

പതിനഞ്ചു വർഷം മുൻപ് ഇതുപോലെയൊരു ജൂലൈ മാസം 16-ാം തീയതിയാണ് കാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപറ്റം പുതുമുഖങ്ങളുമായി ഒരു വിനീത് ശ്രീനിവാസൻ ചിത്രം തിയേറ്ററിലെത്തുന്നത്. പേര് മലർവാടി ആർട്ട്സ് ക്ലബ്. സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, ഒത്തൊരുമയുടെ കഥ പറഞ്ഞ ചിത്രം ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി ഒപ്പം മലയാളത്തിന് ഒരു പുതിയ താരത്തിനെ കൂടി നൽകി, നിവിൻ പോളി. ചിത്രം പതിനഞ്ച് വർഷം തികയുന്ന വേളയിൽ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനീത്.

ഒരുപാട് നല്ല ഓർമകളും മറക്കാനാകാത്ത അനുഭവങ്ങളും സമ്മാനിച്ച ചിത്രമാണ് മലർവാടി ആർട്ട്സ് ക്ലബ് എന്ന് വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പം ചിത്രം പതിനഞ്ച് വർഷം തികയുന്ന വേളയിൽ പുതിയ സിനിമയുടെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. പതിവു രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്നും ത്രില്ലർ ഴോണറിൽ ആണ് സിനിമ ഒരുങ്ങുന്നതെന്നും വിനീത് ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും.

നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുൽ, ഹരികൃഷ്ണൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ശ്രീനിവാസൻ, സലിം കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമയാണ് മലർവാടി ആർട്ട്സ് ക്ലബ്. വിനീത് തന്നെയായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയതും. ഷാൻ റഹ്‌മാൻ ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. പി സുകുമാർ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത്. രഞ്ജൻ എബ്രഹാം ആണ്.

അതേസമയം, വിനീതിന്റെ പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് നോബിള്‍ ബാബുവാണ്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. മെറിലാൻഡ് സ്റ്റുഡിയോസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്.

Content Highlights: Vineeth sreenivsan new movie first look releasing today

dot image
To advertise here,contact us
dot image