പത്ത് ദിവസം കൊണ്ട് കുറച്ചത് പത്ത് കിലോ; വെട്രിമാരൻ സിനിമയ്ക്കായി വമ്പൻ ട്രാൻസ്ഫോർമേഷൻ നടത്തി സിമ്പു

ചിത്രത്തിന്റെ പ്രൊമോ ടീസറിന്റെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞിരുന്നു. ഉടൻ അണിയറപ്രവർത്തകർ അത് പുറത്തുവിടുമെന്ന് പ്രതീക്ഷ

dot image

സിലമ്പരശനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. വലിയ ബജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചിത്രത്തിനായി സിമ്പു ഒരു വമ്പൻ ട്രാൻസ്ഫോർമേഷൻ നടത്തിയെന്നാണ് പുതിയ റിപ്പോർട്ട്.

സിമ്പു ചിത്രത്തിനായി പത്ത് കിലോ കുറച്ചെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ട്. വെറും പത്ത് ദിവസം കൊണ്ടാണ് നടൻ തന്റെ ശരീരഭാരം കുറച്ചത്. ചിത്രത്തിൽ നടന്റെ ചെറുപ്പകാലത്തെ ഭാഗങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതിന് വേണ്ടിയാണ് നടന്റെ ഈ ട്രാൻസ്ഫോർമേഷൻ എന്നാണ് വിവരം. ചിത്രത്തിന്റെ പ്രൊമോ ടീസറിന്റെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞിരുന്നു. ഉടൻ അണിയറപ്രവർത്തകർ അത് പുറത്തുവിടുമെന്ന് പ്രതീക്ഷ. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ പറഞ്ഞു.

2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ഈ സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു ധനുഷ്. അതുകൊണ്ട് തന്നെ സിനിമയുടെ എൻ ഒ സി നൽകാൻ ധനുഷ് പണം ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നയൻതാരയുടെ ഡോക്യുമെന്ററി വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അഭ്യൂഹങ്ങൾ പടർന്നിരുന്നത്. എന്നാൽ സിനിമയുടെ എൻ ഒ സി നൽകാൻ ധനുഷ് ഒരു രൂപ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സിനിമ ചെയ്യാൻ പൂർണ പിന്തുണ നൽകിയെന്നും വെട്രിമാരൻ പറഞ്ഞു.

അതേസമയം, വടചെന്നൈയിൽ സംവിധായകൻ അമീർ അവതരിപ്പിച്ച രാജൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ക്രീന്‍ ടൈം ചെറുതായിരുന്നെങ്കിലും സിനിമയിലെ രാജന്റെ ഭാഗങ്ങൾ കയ്യടി നേടിയിരുന്നു. തുടർന്ന് രാജൻ എന്ന കഥാപാത്രത്തിനെ പശ്ചാത്തലമാക്കി ഒരു സ്പിൻ ഓഫ് സിനിമ വരുമെന്ന് വെട്രിമാരൻ പറഞ്ഞിരുന്നു. ഇപ്പോൾ ഈ ചിത്രമാണ് സിലമ്പരശനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച.

Content Highlights: Silambarasan TR shed 10 kgs within 10 days for Vetrimaaran's upcoming film

dot image
To advertise here,contact us
dot image