ഫ്ലോപ്പിന് കൂടുതൽ പൈസ, എന്നാൽ ഹിറ്റായ സിനിമയിലെ പാട്ടുകൾക്ക് അവർ തുച്ഛമായ തുകയാണ് തന്നത്: അനുരാഗ് കശ്യപ്

'സിനിമയിലെ മ്യൂസിക്കിനല്ല അതിലെ താരത്തിനെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും പൈസ ലഭിക്കുന്നത്'

dot image

ഗാങ്‌സ് ഓഫ് വസേപൂർ, ഗുലാൽ, മൻമർസിയാൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് അനുരാഗ് കശ്യപ്. തന്റെ സംവിധാന മികവ് കൊണ്ടും എഴുത്തിലെ വ്യത്യസ്തത കൊണ്ടും എന്നും അനുരാഗ് കശ്യപ് സിനിമകൾ ചർച്ചകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ അതിനൊപ്പം പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പ്രശസ്ത മ്യൂസിക് ലേബൽ ആയ ടി സീരിസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുകയാണ്.

ദേവ് ഡി, ഗാങ്‌സ് ഓഫ് വാസിപൂർ, ഗുലാൽ എന്നിവയുടെ മ്യൂസിക് റൈറ്റ്സിനായി വളരെ തുച്ഛമായ തുകയാണ് തനിക്ക് ടി സീരീസ് നൽകിയതെന്നും എന്നാൽ ആ ഗാനങ്ങൾ ഹിറ്റായതോടെ അവർ അതിലൂടെ വലിയ ലാഭം നേടിയെന്നാണ് അനുരാഗ് പറയുന്നത്. 'ഒരു സിനിമയിലെ മ്യൂസിക്കിനല്ല അതിലെ താരത്തിനെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും പൈസ ലഭിക്കുന്നത്. സംഗീതത്തിന്റെ ഗുണനിലവാരത്തിന് അവർ പണം നൽകുന്നില്ല. ദേവ് ഡിയുടെ പാട്ടുകൾ വലിയ ഹിറ്റുകൾ ആയിരുന്നെങ്കിലും അവർ എനിക്ക് അർഹിക്കുന്ന പൈസ നൽകിയിരുന്നില്ല', അനുരാഗ് കശ്യപ് പറയുന്നു.

'മ്യൂസിക് ലേബലുകൾക്ക് നല്ല സംഗീതം ഒരിക്കലും മനസിലാകില്ല. അവർ താരങ്ങൾക്ക് മാത്രമേ പണം നൽകുന്നുള്ളൂ. അവർ എനിക്ക് ഏറ്റവും കൂടുതൽ പണം നൽകിയത് ബോംബെ വെൽവെറ്റിന് വേണ്ടിയായിരുന്നു. ആ സിനിമയുടെ മ്യൂസിക് അവർക്ക് ഇഷ്ടമായില്ലെങ്കിലും അവർ എനിക്ക് കൃത്യമായ പൈസ നൽകി കാരണം ആ സിനിമയിൽ രൺബീർ കപൂർ, അനുഷ്‍ക ശർമ്മ അടക്കമുള്ള കാസ്റ്റുണ്ടായിരുന്നു', അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബോംബെ വെൽവെറ്റ് വലിയ പരാജയമായിരുന്നു ബോക്സ് ഓഫീസിൽ ഏറ്റുവാങ്ങിയത്. 120 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 23 കോടി മാത്രമാണ്. കരൺ ജോഹർ, വിക്കി കൗശൽ, മനീഷ് ചൗധരി തുടങ്ങിയവരും സിനിമയിലെ പ്രധാന അഭിനേതാക്കളായിരുന്നു.

Content Highlights: Anurag Kashyap says T-Series paid him very little for Gangs of Wasseypur, Gulaal, DevD music

dot image
To advertise here,contact us
dot image