
ലോകത്താകമാനം ആരാധകരുള്ള സിനിമ ഫ്രാഞ്ചൈസി ആണ് ജെയിംസ് ബോണ്ട്. 2021 ൽ പുറത്തിറങ്ങിയ 'നോ ടൈം ടു ഡൈ' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം. തുടർന്ന്, ഡ്യൂൺ എന്ന സൂപ്പർഹിറ്റ് സിനിമയൊരുക്കിയ ഡെനി വില്ലെനൊവ്വ ആണ് ഇനി വരാനിരിക്കുന്ന 26ാമത് ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായികയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധ നേടുന്നത്.
ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നടി സിഡ്നി സ്വീനിയുടെ പേരാണ് പുതിയ ബോണ്ട് സിനിമയിലെ നായികയുടെ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. വളരെ കഴിവുള്ള നടിയാണ് സിഡ്നിയെന്നും ആക്ഷൻ രംഗങ്ങളിൽ നടിക്ക് തിളങ്ങാനാകുമെന്നാണ് സംവിധായകൻ വിശ്വസിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. യുഫോറിയ, വൈറ്റ് ലോട്ടസ്, എനിവൺ ബട്ട് യു, ഇമ്മാക്കുലേറ്റ് തുടങ്ങിയ സീരീസും സിനിമകളിലൂടെയും പ്രശസ്തയായ നടിയാണ് സിഡ്നി സ്വീനി. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
അതേസമയം, ആരായിരിക്കും ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല. ആരോൺ ടെയ്‌ലർ-ജോൺസൺ, തിയോ ജെയിംസ്, ജെയിംസ് നോർട്ടൺ എന്നിവരുടെ പേരുകൾ അടുത്ത ജെയിംസ് ബോണ്ടായി ഉയർന്ന് കേൾക്കുന്നുണ്ട്.
ആമസോൺ എംജിഎം നിർമിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രം കൂടിയാണിത്. വില്ലെനൊവ്വയുടെ ഭാര്യ ടാന്യ ലാപോയിന്റ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകും. 2022-ൽ, ആമസോൺ , എംജിഎം കമ്പനിയെ സ്വന്തമാക്കിയതിന് ശേഷം നിർമിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രമാണിത്. എമി പാസ്കലും ഡേവിഡ് ഹെയ്‌മാനുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സിനിമയുടെ നിർമാണം എപ്പോൾ ആരംഭിക്കുമെന്നത് വ്യക്തമല്ല.
അതേസമയം, നിലവിൽ ഡെനി വില്ലെനൊവ്വ ഡ്യൂൺ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിന് ഒരുങ്ങുകയാണ്. ഈ സിനിമ പൂർത്തിയായതിന് ശേഷമാകും ജെയിംസ് ബോണ്ട് സിനിമയിലേക്ക് കടക്കുക. എംജിഎമ്മിനെ ആമസോൺ സ്വന്തമാക്കിയതോടെ ഭാവിയിലെ എല്ലാ ജെയിംസ് ബോണ്ട് ചിത്രങ്ങളും വിതരണം ചെയ്യാനുള്ള അവകാശം ആമസോണിന് അനുവദിച്ചിരുന്നു. എന്നാൽ ആമസോൺ എക്സിക്യൂട്ടീവുമാരും ബോണ്ടിന്റെ നിർമാതാക്കളായ മൈക്കൽ ജി. വിൽസണും ബാർബറ ബ്രോക്കോളിയും തമ്മിലുള്ള തർക്കം കാരണമാണ് ചിത്രത്തിനായുള്ള ചർച്ച നീണ്ടുപോയത്.
Content Highlights: Sydney Sweeny to play bond girl in next james bond film?