
രാക്ഷസൻ, ജീവ, ഗാട്ടാ ഗുസ്തി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് വിഷ്ണു വിശാൽ. എന്നാൽ തമിഴ് ഇൻഡസ്ട്രി തന്നെ ഒരിക്കലും ആഘോഷിച്ചിട്ടില്ലെന്ന് മനസുതുറക്കുകയാണ് വിഷ്ണു വിശാൽ. എല്ലാ വർഷവുമിറങ്ങുന്ന തന്റെ സിനിമകൾ വിജയിക്കുന്നുണ്ടെങ്കിലും അതിന്റെ ക്രെഡിറ്റ് ആരും തനിക്ക് നൽകിയിട്ടില്ലെന്ന് വിഷ്ണു വിശാൽ ഗലാട്ടയ്ക്ക് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ജനങ്ങൾ നമ്മളെ ഏറ്റെടുക്കണമെങ്കിൽ ആദ്യം ഇൻഡസ്ട്രി നമ്മളെ സ്വീകരിക്കണമെന്നും നടൻ കൂട്ടിച്ചേർത്തു. 'രാക്ഷസൻ ഇറങ്ങിയതിന് ശേഷം ഒരു പരിധി വരെ ഇൻഡസ്ട്രി എന്ന സ്വീകരിച്ചു പക്ഷേ ആ സിനിമ ശരിക്കും കോൺഫിഡൻസ് തന്നത് എനിക്കാണ്. എഫ്‌ഐആറിനും ഗാട്ടാ ഗുസ്തിക്കും ശേഷമാണ് ഇൻഡസ്ട്രിയിൽ ആളുകൾ എനിക്ക് വില തന്ന് തുടങ്ങിയതും സ്വീകരിച്ചതും. തമിഴ് ഇൻഡസ്ട്രി എന്നെ ഒരിക്കലും ആഘോഷിച്ചിട്ടില്ല. അതിൽ എനിക്ക് വിഷമമുണ്ട്. എല്ലാ വർഷത്തെയും ടോപ് 20 തമിഴ് സിനിമകളിൽ എന്റെ സിനിമകളും വരാറുണ്ട് എന്നാൽ അതിന്റെ ക്രെഡിറ്റ് ആരും എനിക്ക് നൽകിയിട്ടില്ല', വിഷ്ണു വിശാൽ പറഞ്ഞു.
രാക്ഷസൻ്റെ സംവിധായകനായ രാംകുമാറിനൊപ്പം വീണ്ടുമൊന്നിക്കുന്ന 'ഇരണ്ട് വാനം' ആണ് ഇനി പുറത്തിറങ്ങാനുള്ള വിഷ്ണു വിശാൽ ചിത്രം. മമിത ബൈജു ആണ് സിനിമയിൽ നായികയായി എത്തുന്നത്. രാക്ഷസൻ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇനി അണിയറയിൽ ഒരുങ്ങുന്ന വിഷ്ണു വിശാൽ ചിത്രമാണ്. സൈക്കോളജിക്കല്‍ ത്രില്ലറായ രാക്ഷസനിൽ അമല പോളായിരുന്നു നായികയായെത്തിയത്. 30 കോടിയോളമാണ് രാക്ഷസന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തിയേറ്ററിൽ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. മലയാളി സിനിമാപ്രേമികള്‍ക്കിടയിലും വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.
Content Highlights: tamil industry did not accept me untill gatta gusthi says vishnu vishal