
കെഎല്‍ 10 എന്ന സിനിമയ്ക്ക് ശേഷം മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയാണ് 'തന്ത വൈബ്'. ടൊവിനോ തോമസ് നായകനായി എത്തുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു കളർഫുൾ ടോണിൽ ഡാൻസ് പോസ് ചെയ്തു നിൽക്കുന്ന തരത്തിലാണ് പോസ്റ്ററിൽ ടൊവിനോ ഉള്ളത്. വലിയ കാൻവാസിൽ നല്ല സമയം എടുത്ത് പൂർത്തിയാക്കേണ്ട സിനിമയാണ് 'തന്ത വൈബ്' എന്ന് ചിത്രത്തിന്റെ നിർമാതാവായ ആഷിഖ് ഉസ്മാൻ റിപ്പോർട്ടറിനോട് മനസുതുറന്നു.
'2026 അവസാനമോ 2027 ആദ്യമോ ആകും സിനിമയുടെ ഷൂട്ട് തുടങ്ങാൻ സാധ്യത. വലിയ കാൻവാസിലാണ് ആ സിനിമയൊരുങ്ങുന്നത്. ഷൂട്ട് മുഴുവൻ തായ്‌ലൻഡിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഭയങ്കരമായ പ്രീ പ്രൊഡക്ഷനും ഒരുപാട് ലൊക്കേഷൻസും ഉള്ളതുകൊണ്ട് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന സിനിമയല്ല, നല്ല ടൈം എടുക്കും', ആഷിഖ് ഉസ്മാൻ പറഞ്ഞു.
സൈക്കോളജിക്കൽ ഫിക്ഷനും സയൻസ് ഫിക്ഷനും ഒരുമിച്ച് ചേരുന്ന തരം ഴോണറിൽ ഒരുങ്ങുന്ന സിനിമയാണ് തന്ത വൈബ് എന്ന് മുഹ്സിൻ പരാരി നേരത്തെ വ്യക്തമാക്കിയിരുന്നു. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചമൻ ചാക്കോ ആണ് എഡിറ്റർ. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയ്ക്ക് പിന്നിൽ പ്രവർത്തിച്ച ആളാണ് മുഹ്‌സിൻ. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ കെഎല്‍ 10 തിയേറ്ററിൽ വലിയ വിജയമായില്ലെങ്കിലും പിന്നീട് ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു.
Content Highlights: Producer ashiq usman talks about tovino film Thantha Vibe