
ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനത്തിലൂടെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. വിഎഫ്എക്സിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഈ ഷെഡ്യൂളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.
മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂള്‍ ആണ് ഇത് എന്നതാണ് റിപ്പോർട്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ഷെഡ്യൂള്‍ പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ട വമ്പന്‍ സെറ്റിലാണ് ചിത്രീകരിക്കുന്നത്. ബ്ലൂ മാറ്റില്‍ തയ്യാറാക്കപ്പെട്ട, അത്യാധുനിക കാമറകളോട് കൂടിയ സെറ്റ് ആണ് ഇത്. എഐ ഉപയോഗിച്ച് പോസ്റ്റ് പ്രൊഡക്ഷനില്‍ രംഗങ്ങളെ കൂടുതല്‍ നിലവാരത്തില്‍ എത്തിക്കാന്‍ സാധിക്കുന്ന സെറ്റാണ് ഇതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
ദീപിക പദുകോൺ ആണ് സിനിമയിൽ നായികയായി എത്തുന്നത്. ദീപികയെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. അറ്റ്ലീ ദീപികയ്ക്ക് കഥ വിശദീകരിച്ച് കൊടുക്കുന്നതും ദീപിക സീനുകൾ ചെയ്യുന്നതുമാണ് വീഡിയോയിലെ ഉള്ളടക്കം. അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ് എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിൽ അറ്റ്ലീയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.
Content Highlights: Allu Arjun- Atlee new film shooting details