
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ചിത്രത്തിൽ ദുൽഖറിനൊപ്പം നടൻ ആന്റണി വർഗീസും ഒരു പ്രധാന റോളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ നടന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
ഹൈദരാബാദിൽ ആണ് ഇപ്പോൾ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടയിൽ തന്റെ കാരവാന് മുന്നിലായി നിൽക്കുന്ന ചിത്രമാണ് നടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാരവാനിൽ 'പെപ്പെ ഗാരു' എന്നെഴുതിയിരിക്കുന്നതും കാണാം. 'കാരവൻ ഡോറിൽ പെപ്പെ ഗാരു എന്ന് എഴുതിയിരിക്കുന്നു. നന്ദി എന്ന് ഹൃദയം പറയുന്നു. നന്ദി ഹൈദരാബാദ്', എന്നാണ് പോസ്റ്റ്. നിരവധി കമന്റുകളാണ് പോസ്റ്റിന് പിന്നാലെ വരുന്നത്. 'ഗാരു ടീമിലെ പുതിയ എൻട്രി. ദുൽഖർ ഗാരുവിനെ മിസ് ചെയ്യുന്നു'. 'ഐ ആം ഗെയിം പൊളിക്കും', 'പെപ്പെ നല്ല മൊഞ്ചനായിട്ടുണ്ട്' എന്നെല്ലാമാണ് കമന്റുകൾ.
കഴിഞ്ഞ ദിവസം സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിലെ പെപ്പെയുടെ ലുക്കും വൈറലായിരുന്നു. ദുൽഖർ സൽമാനേക്കാൾ മൊഞ്ചനായിട്ടുണ്ടല്ലോ എന്നാണ് ആരാധകർ പറയുന്നത്. മുടിയിലും സ്റ്റെെലിലും പുതുമകളോടെയാണ് പെപ്പെ എത്തിയിരിക്കുന്നത്. നടന്‍ ഏറെ ചെറുപ്പമായിരിക്കുന്നുവെന്നാണ് പ്രധാന കമന്‍റുകള്‍. ചിത്രത്തിനായി വമ്പൻ ട്രാൻസ്ഫോർമേഷൻ ആണ് നടൻ നടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ഐ ആം ഗെയിമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
മിസ്റ്ററി-ആക്ഷൻ-ഫാന്റസി ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നഹാസ് പറഞ്ഞത്. 'കുറച്ചധികം ജോണറുകൾ മിക്സ് ചെയ്താണ് സിനിമ കഥ പറയുന്നത്. പ്രേക്ഷകർ ഇപ്പോൾ റോഷാക്ക് പോലുള്ള വ്യത്യസ്തങ്ങളായ സിനിമകൾ തിയേറ്ററുകളിൽ സ്വീകരിക്കുന്നുണ്ട്. അതാണ് ഞങ്ങളുടെ ധൈര്യവും,' എന്നും നഹാസ് വ്യക്തമാക്കിയിരുന്നു.
നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ , ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാർ.
Content Highlights: Antony varghese new still from I'm Game goes viral