കണ്ണപ്പയില്‍ രജനികാന്ത് സാറിനെയും ഒരു കഥാപാത്രത്തിനായി പരിഗണിച്ചിരുന്നു: വിഷ്ണു മഞ്ചു

'വളരെ ശക്തമായ ഒരു കഥാപാത്രമായിരുന്നു അത്. ആ വേഷം സിനിമയ്ക്ക് വലിയ മൈലേജ് നല്‍കുമെന്ന് ഞങ്ങൾക്ക് ഉറപ്പുമായിരുന്നു'

dot image

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രമാണ് 'കണ്ണപ്പ'. ഒരു ബിഗ് ബജറ്റ് പീരീഡ് ഫാന്റസി ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും ഉൾപ്പടെ ഒരു വലിയ താരനിര തന്നെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയിൽ തമിഴ് സൂപ്പർതാരം രജനികാന്തിനെയും ഒരു കഥാപാത്രത്തിനായി പരിഗണിച്ചിരുന്നു എന്ന് പറയുകയാണ് വിഷ്ണു മഞ്ചു.

രജനികാന്തിന്റെ കഥാപാത്രത്തിലേക്ക് കൂടുതല്‍ ഫോക്കസ് നൽകേണ്ടി വരുമെന്നും അങ്ങനെ ചെയ്താൽ കഥയുടെ സ്വഭാവം മറ്റൊരു രീതിയിലേക്ക് മാറുമെന്നതിനാലാണ് ആ പദ്ധതി ഉപേക്ഷിച്ചതെന്നും വിഷ്ണു മഞ്ചു പറഞ്ഞു. കണ്ണപ്പയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

‘കണ്ണപ്പയില്‍ രജനികാന്ത് സാറിനെയും ഒരു കഥാപാത്രത്തിനായി ഞങ്ങള്‍ പരിഗണിച്ചിരുന്നു. വളരെ ശക്തമായ ഒരു കഥാപാത്രമായിരുന്നു അത്. ആ വേഷം സിനിമയ്ക്ക് വലിയ മൈലേജ് നല്‍കുമെന്ന് ഞങ്ങൾക്ക് ഉറപ്പുമായിരുന്നു. എന്റെ അച്ഛന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന ഒരു വേഷമായിരുന്നു അത്. എന്നാല്‍ രജനി സാറിന്റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയാല്‍ സിനിമയുടെ കഥ കുറച്ചുകൂടി വലുതാകും. കഥ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് പോകുമെന്നും തിരക്കഥാകൃത്തുക്കൾ പറഞ്ഞു. അങ്ങനെ ആ കഥാപാത്രത്തെ ഒഴിവാക്കേണ്ടി വന്നു,' എന്ന് വിഷ്ണു മഞ്ചു പറഞ്ഞു.

മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlights: Vishnu Manchu says that Rajinikanth was also considered to do a role in Kannappa

dot image
To advertise here,contact us
dot image