

പാട്‌ന: പാട്‌നയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും കാണാതായ ജന്‍ സൂരജ് പാര്‍ട്ടി അംഗത്തെ മരിച്ചനിലയില്‍ കണ്ടെത്തി. 31കാരനായ ദേവ്പാലിക് ഗുപ്തയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് റാഞ്ചി -പാട്‌ന ജനശതാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ഗുപ്തയെ കാണാതായത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പാട്‌നയില്‍ നിന്നും റാഞ്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഗുപ്ത. ജന്‍ സൂരജ് പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ ടീം അംഗമായിരുന്നു അദ്ദേഹം.
ജാര്‍വാദിഹ് ഗ്രാമത്തിലെ റാഞ്ചി - മൂരി ലൈനിന്റെ ഭാഗമായ റെയില്‍വേ ട്രാക്കില്‍ വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത് ഗുപ്തയുടെ മൃതദേഹം സഹോദരനാണ് തിരിച്ചറിഞ്ഞത്. ചലിക്കുന്ന ട്രെയിനില്‍ നിന്നും വീണാകാം ഗുപ്ത മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് അംഗാര പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഗൗതം കുമാര്‍ രാജ്‌വാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗുപ്തയുടെ മൃതദേഹം റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. ഗുപ്തയുടെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.25ഓടെയാണ് ട്രെയിന്‍ റാഞ്ചിയില്‍ നിന്നും യാത്ര ആരംഭിച്ചതെന്നും പത്തുമിനിറ്റിന് ശേഷം പാന്‍ട്രി കാറില്‍ ഭക്ഷണം വാങ്ങാനായി ഗുപ്ത പോയതാണെന്നും ഒപ്പം യാത്ര ചെയ്ത ഗൗതം കുമാര്‍ പറയുന്നു. താനും മറ്റൊരു സഹയാത്രികനായ നിഷാന്തും അവസാനമായി ഗുപ്തയെ കണ്ടത് അപ്പോഴാണെന്നും ഗൗതം കുമാര്‍ പറയുന്നു. രണ്ട് മണിക്കൂറായിട്ടും ഗുപ്തയെ കാണാതായതോടെയാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് തങ്ങളുടെ കോച്ചിന് സമീപത്തുള്ള പാന്‍ട്രി കാറിലെത്തി എങ്കിലും ഗുപ്തയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഗൗതത്തിന്റെ മൊഴിയിലുണ്ട്.
ട്രെയിന്‍ മുരി ജംഗ്ഷനിലെത്തിയപ്പോഴാണ് ഗൗതം റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. അതേസമയം ഗുപ്തയുടെ മരണത്തിന്റെ കാരണം വ്യക്തമാകാതെ ഗൂഢാലോചന ഉണ്ടെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണ് ഗുപ്തയെങ്കില്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും ജന്‍ സൂരജ് പാര്‍ട്ടി വക്താവ് കുമാര്‍ സൗരഭ് സിങ് അഭിപ്രായപ്പെട്ടു.
യുപി സ്വദേശിയായ ഗുപ്ത, കഴിഞ്ഞ നാലുവര്‍ഷമായി പ്രശാന്ത് കിഷോറിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2024ല്‍ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ പ്രവേശനം നടത്തിയതിന് പിന്നാലെ പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്തിരുന്നത് ഗുപ്തയാണ്.
Content Highlights: The person who led the online campaign for Prashant Kishor during the Assembly elections has been found deceased