

തിരുവനന്തപുരം: നിപ മരുന്ന് വിവാദത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്. എസ്എംഎ വിഷയത്തിലടക്കം സര്‍ക്കാരിനുണ്ടായ ഗുരുതരമായ അനാസ്ഥകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇല്ലാത്തൊരു നിപ വിവാദം സൃഷ്ടിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അപവാദങ്ങള്‍ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോര്‍ത്താനും സംസ്ഥാന ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരമാണ്. ലോകമാകെ അംഗീകരിച്ച കേരളത്തിന്റെ നിപ പ്രതിരോധ മാതൃകയെയും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെയും ആകെ തകര്‍ക്കുന്ന ഗുരുതരമായ നീക്കമാണ് മന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
നിപ എന്ന മഹാമാരിയെ നാട് ഒറ്റക്കെട്ടായി അതിജീവിച്ചപ്പോള്‍, സ്വന്തം കുടുംബത്തെപ്പോലും മറന്ന് ജീവന് ബലിയര്‍പ്പിക്കേണ്ടി വന്ന സിസ്റ്റര്‍ ലിനി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തെയും ജീവത്യാഗത്തെയുമാണ് ഉത്തരവാദപ്പെട്ട ഒരു മന്ത്രിയുടെ നിരുത്തരവാദപരമായ വാക്കുകള്‍ അപമാനിക്കുന്നത്. കാേഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിപ ബാധിച്ച് മരിച്ചവര്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിര്‍ നല്‍കിയെന്ന വാദം ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് ഔദ്യോഗിക രേഖകള്‍ സഹിതം ഇതിനകം തെളിഞ്ഞുകഴിഞ്ഞു. 2023-25 കാലയളവില്‍ നിപ ബാധിച്ച 13 പേരില്‍ മരണപ്പെട്ട ആറ് പേരില്‍ ഒരാള്‍ പോലും മെഡിക്കല്‍ കോളേജില്‍ നിന്ന് ഈ മരുന്ന് സ്വീകരിച്ചിട്ടില്ല എന്നിരിക്കെ, നിയമസഭയെയും പൊതുസമൂഹത്തെയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കാന്‍ മന്ത്രിക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് പിണറായി വിജയന് ചോദിച്ചു.
സാധാരണക്കാരുടെ ആശ്രയമായ പൊതുജനാരോഗ്യ സംവിധാനങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ ഇകഴ്ത്തിക്കാട്ടി സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വഴിയൊരുക്കാനാണോ മന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്വന്തം ഭരണ പാളിച്ചകള്‍ മൂടിവെക്കാന്‍ ലോകം അംഗീകരിച്ച നമ്മുടെ അതിജീവന ചരിത്രത്തെ അവഹേളിക്കുകയും ആരോഗ്യപ്രവര്‍ത്തകരെ ബലിയാടാക്കുകയും ചെയ്യുന്ന ഈ ശൈലി കേരളം അംഗീകരിക്കില്ല. ജനങ്ങളില്‍ ഭീതി വിതയ്ക്കുകയും നാടിന്റെ ആരോഗ്യമേഖലയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത ആരോഗ്യമന്ത്രി കേരളീയ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നിപ മരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രിമാരായ വീണാ ജോര്‍ജും കെ കെ ശൈലജയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും നിയമസഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു വീണാ ജോര്‍ജ് പറഞ്ഞത്. എത്ര നിരുത്തരവാദപരമായ മറുപടിയാണ് മുരളീധരന് പറഞ്ഞതെന്നും ഇത്രയും സെന്‍സിറ്റീവായ ഒരു വിഷയത്തില്‍ കെ മുരളീധരന് എങ്ങനെയാണ് ഇങ്ങനെ ഒരു മറുപടി പറയാന്‍ കഴിഞ്ഞതെന്ന് അമ്പരിപ്പിക്കുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയിട്ടില്ലെന്നായിരുന്നു കെ കെ ശൈലജ പ്രതികരിച്ചത്. ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ ആണ് യുഡിഎഫ് ശ്രമമെന്നും കെ കെ ശൈലജ വിമര്‍ശിച്ചിരുന്നു.
നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമുണ്ടെന്ന് കെ മുരളീധരന് നിയമസഭയില്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും കെ മുരളീധരന് പറഞ്ഞിരുന്നു. 2023, 24, 25 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്നും മുരളീധരന് പറഞ്ഞിരുന്നു. നിപ, കൊവിഡ് രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നാണ്. മരുന്ന് നല്കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷങ്ങളിലായി ആറ് നിപാ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്ഫിഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനാണ് അന്വേഷണ ചുമതല. അതേസമയം, നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന ആരോപണം ആരോഗ്യ വിദഗ്ധര്‍ തള്ളിയിരുന്നു. 2023-25 കാലയളവില്‍ നിപ ബാധിച്ച് മരിച്ച ആറുപേര്‍ക്ക് റെംഡെസിവര്‍ മരുന്ന് നല്‍കിയിരുന്നില്ലെന്ന് ഡോ.അനൂപ് കുമാര്‍ എ എസ് വ്യക്തമാക്കി. മരുന്ന് നല്കിയ ഏഴ് പേര്‍ക്കും രോഗം ഭേദമായി. കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത് രോഗിയുടെ മരണത്തിന് ഇടയാക്കിയെന്ന വാദത്തിന് പ്രസക്തി ഇല്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights- Kerala Chief Minister Pinarayi Vijayan alleged that a minister attempted to divert public attention from the SMA issue and mislead the public. He demanded that the minister apologise for the statements.