

ഭുവനേശ്വര്‍: അര്ണാേബ് ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ കെടുതി രൂക്ഷമാകുന്നതായി വിവരം. ഒഡീഷയിലെ കാന്ധമാല്‍ ജില്ലയില്‍ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. 'അര്‍ണോബ്' ചുഴലിക്കാറ്റിന്റെ സ്വാധീനത്താലുണ്ടായ കനത്ത മഴയാണ് റൈക്കിയ ബ്ലോക്കിലെ ഡംഗേസി ഗ്രാമത്തില്‍ മണ്ണിടിച്ചിലിന് കാരണമായത്. മണ്ണിടിച്ചിലില്‍ അകപ്പെട്ട രണ്ടുപേരെ ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. അച്യുത പ്രധാന് (30), ഭാര്യ അനിഷ പ്രധാന് (25) എന്നിവരാണ് മരിച്ചത്. കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, പ്രദേശത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈ പ്രദേശത്തുനിന്നും ഏകദേശം 450 പേരെ ഒഴിപ്പിക്കുകയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തതായി മന്ത്രി റാബി നാരായണ്‍ നായിക് അറിയിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി കന്ധമാല്‍ ജില്ലാ കളക്ടര്‍ വേദഭൂഷണ്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ദുഃഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതമാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. വ്യാഴാഴ്ച ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍ 'അര്‍ണാബ്' ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു. ഗഞ്ചം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഗജപതി, കന്ധമാല്‍ ജില്ലകളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'അര്‍ണാബ്' ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ രൂപപ്പെട്ട പെട്ടെന്നുള്ള വെള്ളപ്പൊക്കം ഗഞ്ചം (42,564 പേര്), ഗജപതി (30,000 പേര്), കന്ധമാല്‍ (12,000 പേര്) എന്നീ ജില്ലകളിലായി ആകെ 84,564 പേരെ ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് ജില്ലകള്‍ക്ക് പുറമെ, കൊരാപുട്ട്, റായഗഡ ജില്ലകളെയും ചുഴലിക്കാറ്റിൻ്റെ പ്രഹരം സാരമായി ബാധിച്ചു. ചുഴലിക്കാറ്റിന് ശേഷമുണ്ടായ കനത്ത മഴയില്‍ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാവുകയും, റോഡുകള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
മുന്‍ വര്‍ഷങ്ങളില്‍ ഒക്ടോബര്‍ 1 മുതല്‍ 30 വരെയുള്ള കാലയളവില്‍ ശരാശരി 111 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചിരുന്നത്. ഇത്തവണ സംസ്ഥാനത്ത് ആകെ 132 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഒഡീഷയില്‍ മഴയുടെ അളവില്‍ 18.7 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഒക്ടോബര്‍ 27, 28, 29 തീയതികളില്‍ 'അര്‍ണാബ്' ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ പെയ്ത കനത്ത മഴ കാരണം ഗഞ്ചാമില്‍ 118 ശതമാനം അധിക മഴയാണ് രേഖപ്പെടുത്തിയത്. സമാനമായി, ഗജപതിയില്‍ 103 ശതമാനം അധിക മഴയും, കന്ധമാലില്‍ 12 ശതമാനം അധിക മഴയും ലഭിച്ചു എന്നാണ് കണക്ക്.
Content Highlights: Three members of a family, including a nine-month-old baby, died in a landslide in Odisha’s Kandhamal district after heavy rain linked to Cyclone Arnab. The incident occurred in Dangesi village under Raikia block on Friday. The deceased were identified as Achyuta Pradhan, 30, and his wife Anisha Pradhan, 25, while the child’s name has not been disclosed. Fire and rescue personnel saved two others trapped in the landslide. Disaster response teams have been deployed to clear the debris as the district administration monitors the situation.