'അടുത്തകാലത്ത് കണ്ട മികച്ച സിനിമ, സീറ്റിൽ പിടിച്ചിരുത്തി'; ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് കിച്ച സുദീപ്

'സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും സംവിധാനവും'

dot image

ഈ വർഷത്തെ കോളിവുഡിലെ സ്ലീപ്പർഹിറ്റ്‌ ചിത്രമാണ് ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ടൂറിസ്റ്റ് ഫാമിലി'. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കന്നഡ സൂപ്പർതാരം കിച്ച സുദീപ്. അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മികച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

'സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും സംവിധാനവും. തീർച്ചയായും ഒരു നാഴികക്കല്ല് തന്നെയാണ്. എന്നെ ഈ ചിത്രം മുഴുവൻ സമയവും സീറ്റിൽ പിടിച്ചിരുത്തി. ഓരോ കഥാപാത്രത്തിനും അതിന്റേതായ നിമിഷങ്ങളും ഇടവുമുണ്ട്, കൂടാതെ ഓരോ കഥാപാത്രത്തെയും അഭിനേതാക്കൾ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. അതിശയകരമായ കാസ്റ്റിംഗ്. സംഗീതമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. അബിഷൻ ജിവിന്തിനും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ,' എന്ന് കിച്ച സുദീപ് കുറിച്ചു.

അതേസമയം തിയേറ്ററിലെ മിന്നും വിജയത്തിന് പിന്നാലെ സിനിമ ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. സിനിമയ്ക്ക് ഒടിടിയിലും മികച്ച റെസ്പോൺസ് തന്നെ ലഭിക്കുന്നുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും ഒപ്പം എംആര്‍പി എന്റര്‍ടൈയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ടൂറിസ്റ്റ് ഫാമിലി നിര്‍മിച്ചത്. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിന്റെ തിരക്കഥയെഴുതിയതും അബിഷന്‍ ജിവിന്ത് ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതമൊരുക്കിയതും ഷോണ്‍ റോള്‍ഡന്‍ ആയിരുന്നു. അരവിന്ദ് വിശ്വനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഭരത് വിക്രമന്‍ ആണ്.

Content Highlights: Kichcha Sudeep praises Tourist Family movie

dot image
To advertise here,contact us
dot image