
കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് നാളെ റിലീസിനൊരുങ്ങുകയാണ്. വലിയ പ്രതീക്ഷകളോടെയാണ് സിനിമ തിയേറ്ററിലെത്തുന്നത്. 2025 ലെ തമിഴകത്തെ ആദ്യദിന റെക്കോർഡുകൾ സിനിമ നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. കമലും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയ്ക്ക് ഹൈപ്പ് നൽകുന്ന പ്രധാന കാരണം. എന്നാല്‍ റിലീസിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് റിപ്പോർട്ട് പുറത്തുവരുമ്പോള്‍ അത്ര പ്രതീക്ഷ നല്‍കുന്ന കണക്കുകളല്ല ഇതിലുള്ളത്.
ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ ആഗോള തലത്തിൽ നിന്ന് 13.5 കോടി നേടിയെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. തമിഴ്നാട്ടിൽ നിന്ന് സിനിമ ഇതുവരെ നേടിയത് 6 കോടിയാണ്. ബാക്കിയുള്ള 7.5 കോടി വിദേശ മാർക്കറ്റുകളിൽ നിന്നുമാണ് നേടാനായത്. അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിൽ സിനിമയ്ക്ക് മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് ലഭിക്കുന്നത്. അതേസമയം, ഇന്ത്യയിൽ സിനിമയ്ക്ക് ഒരു കുതിപ്പ് ഉണ്ടാക്കാനാകുന്നില്ല എന്നതാണ് നിരാശയുണ്ടാക്കുന്നുണ്ട്. കമലിന്റെ മുൻ സിനിമകളായ ഇന്ത്യൻ 2, വിക്രം എന്നിവയെക്കാളും പിന്നിലാണ് ഇപ്പോൾ അഡ്വാൻസ് ബുക്കിങ്ങിൽ തഗ് ലൈഫ്. 17.9 കോടിയായിരുന്നു ഇന്ത്യൻ 2 വിന്റെ അഡ്വാൻസ് സെയിൽ റെക്കോർഡ്. ലോകേഷ് ചിത്രം വിക്രമാകട്ടെ 15.3 കോടിയും നേടി. എന്നാല്‍ റിലീസിന് ശേഷം കണക്കുകള്‍ മാറിമറിയുമെന്നും ഈ സിനിമകളേക്കാള്‍ മികച്ച കളക്ഷന്‍ തഗ് ലെെഫ് സ്വന്തമാക്കും എന്നുമാണ് ആരാധകരുടെ പക്ഷം.
ചിത്രത്തിന്റെ ആദ്യ പ്രദർശനം പുലർച്ചെ നാല് മണി മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ത്യയിൽ തഗ് ലൈഫിന്റെ ആദ്യ പ്രദർശനം ഒൻപത് മണിക്കാണ് തുടങ്ങുക. കേരളത്തിലും ഇതേ സമയത്താണ് ആദ്യ ഷോ ആരംഭിക്കുക. കേരളത്തിലുൾപ്പെടെ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
തഗ് ലൈഫിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടാനാനായത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Thug Life sells ticket lower than indian 2 and Vikram