
കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം തിയേറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2025 ലെ തമിഴകത്തെ ആദ്യദിന റെക്കോർഡുകൾ സിനിമ നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. 2025 ലെ ഇന്ത്യൻ ബോക്സ് ഓഫീസിലെ ആദ്യദിന കളക്ഷൻ പട്ടികയിൽ വിക്കി കൗശലിന്റെ ചാവയെ മറികടക്കാനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുണ്ട്.
കമലും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയ്ക്ക് ഹൈപ്പ് നൽകുന്ന പ്രധാന കാരണം. ചിത്രം ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 35 കോടിയിലധികം രൂപ നേടുമെന്നാണ് കൊയ്മൊയ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഈ വർഷത്തെ ഇന്ത്യൻ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ ഓപ്പണിങ് ലഭിച്ച സിനിമകളിൽ രണ്ടാം സ്ഥാനം തഗ് ലിയേഫ് സ്വന്തമാക്കും എന്നാണ് പ്രവചനം. എന്നാൽ 54 കോടി എന്ന ഷങ്കർ-രാം ചാരൻ ചിത്രമായ ഗെയിം ചെയ്ഞ്ചറിന്റെ റെക്കോർഡ് ഈ സിനിമയ്ക്ക് മറികടക്കാൻ സാധിക്കില്ല എന്നും സൂചനകളുണ്ട്.
അതേസമയം, ആഗോള തലത്തിൽ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് 9 കോടി കടന്നെന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. വിദേശരാജ്യങ്ങളിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം പുലർച്ചെ നാല് മണി മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ത്യയിൽ തഗ് ലൈഫിന്റെ ആദ്യ പ്രദർശനം ഒൻപത് മണിക്കാണ് തുടങ്ങുക. കേരളത്തിലും ഇതേ സമയത്താണ് ആദ്യ ഷോ ആരംഭിക്കുക. കേരളത്തിലുൾപ്പെടെ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
തഗ് ലൈഫിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടാനാനായത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Thug Life movie first day collection prediction