
തന്റെ മകനായ ജുനൈദ് ഖാന് ഡിസ്‌ലെക്സിയ ഉണ്ടായിരുന്നുവെന്ന് വെളുത്തിപ്പെടുത്തിയിരിക്കുകയാണ് നടൻ ആമിർ ഖാൻ. ഇക്കാരണത്താൽ 'താരെ സമീൻ പർ' എന്ന ചിത്രവുമായി തനിക്ക് വൈകാരിക ബന്ധമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അക്ഷരങ്ങൾ മനസ്സിലാക്കാൻ ജുനൈദിന് ബുദ്ധിമുട്ടുണ്ടായിരുന്നപ്പോൾ താൻ തുടക്കത്തിൽ അവനെ വഴക്കുപറയുമായിരുന്നു എന്നും ആമിർ മനസുതുറന്നു.
മകന്റെ സ്വകാര്യതയെ മാനിക്കാനാണ് താൻ മുമ്പ് ഇതിനെക്കുറിച്ച് സംസാരിക്കാതിരുന്നത് എന്ന് ആമിർ പറഞ്ഞു. എന്നാൽ, മകൻ ജുനൈദ് തന്നെ തന്റെ ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയതിനാൽ അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് തനിക്ക് സംസാരിക്കാമെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.
'ഇതുവരെ ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഒരുപക്ഷേ ആദ്യമായാണ് ഞാൻ ഇത് പറയുന്നത്. വർഷങ്ങൾ ഒരുപാട് കടന്നുപോയി എന്നതാണ് കാരണം. രണ്ടാമതായി, ഞാൻ ആരെക്കുറിച്ചാണോ സംസാരിക്കാൻ പോകുന്നത്, അദ്ദേഹം ഇതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചു കഴിഞ്ഞു. അതിനാൽ ഇപ്പോൾ എനിക്ക് തുറന്നു സംസാരിക്കാം. ഞാൻ സംസാരിക്കുന്നത് ജുനൈദിനെക്കുറിച്ചാണ് - എന്റെ മകൻ ജുനൈദിനെക്കുറിച്ച്. ജുനൈദിന് ഡിസ്‌ലെക്സിയയുണ്ട്. അതിനാൽ, 'താരെ സമീൻ പറി'ൻ്റെ കഥ ഞാൻ ആദ്യമായി കേട്ടപ്പോൾ അത് എന്നെ വല്ലാതെ സ്പർശിച്ചു കാരണം ഞാൻ അതിലൂടെ കടന്നുപോയതാണ്. തുടക്കത്തിൽ ഞാൻ താരെ സമീൻ പർ എന്ന ചിത്രത്തിലെ അച്ഛൻ നന്ദ്കിഷോർ അവാസ്തിയെ പോലെയായിരുന്നു. ഞാൻ ജുനൈദിനെ വഴക്കുപറയുമായിരുന്നു', ആമിർ ഖാൻ പറഞ്ഞു.
ഡിസ്‌ലെക്സിയ എന്ന കണ്ടിഷനെക്കുറിച്ച് സംസാരിച്ച സിനിമയായിരുന്നു ആമിർ ഖാൻ ആദ്യമായി സംവിധാനം ചെയ്ത താരേ സമീൻ പർ. ഡിസ്‌ലെക്സിയയുമായി പൊരുതുന്ന ഒരു കുട്ടിയും അവന്റെ ജീവിതത്തിൽ വഴിത്തിരിവായി എത്തുന്ന ഒരു ടീച്ചറുടേയും കഥയായിരുന്നു സിനിമ പറഞ്ഞത്. മികച്ച അഭിപ്രായമായിരുന്നു സിനിമ സ്വന്തമാക്കിയത്.
അതേസമയം, സിത്താരെ സമീൻ പർ ആണ് ഇനി പുറത്തിറങ്ങാനുള്ള ആമിർ ഖാൻ സിനിമ. ജൂൺ 20 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്.
Content Highlights: Actor Aamir Khan talks about his son Junaid Khan