
തമിഴ് താരം വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'എയ്‌സ്'. ഒരു ആക്ഷൻ ക്രൈം കോമഡി ചിത്രമായി എത്തിയ വിജയ് സേതുപതി സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. യോഗി ബാബുവിന്റെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് പ്രശംസ ലഭിച്ചെങ്കിലും സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിമർശനങ്ങൾ ലഭിച്ചിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ പരാജയമായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓപ്പണിംഗില്‍ ഏകദേശം ഒരു കോടി രൂപയോളം നേടിയ സിനിമയ്ക്ക് തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷൻ വർധിപ്പിക്കാനായില്ല. മോശം പ്രതികരണങ്ങളും പ്രൊമോഷന്റെ കുറവും സിനിമയുടെ പ്രകടനത്തെ സാരമായി ബാധിച്ചു. ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന് 6.47 കോടി രൂപയേ നേടാനായുള്ളൂ എന്നാണ് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കഴിഞ്ഞ കുറച്ച് വിജയ് സേതുപതി സിനിമകളേക്കാൾ വളരെ കുറവാണ്. 'ബോൾഡ് കണ്ണൻ' എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രവും അയാൾക്ക് ചുറ്റും സംഭവിക്കുന്ന ക്രൈമും കോമഡിയും നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഖകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടൈയ്നർ ആയാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ- ഫെന്നി ഒലിവർ, പശ്‌ചാത്തല സംഗീതം- സാം സി എസ്, കലാസംവിധാനം- എ കെ മുത്തു. പിആർഒ- ശബരി.
Content Highlights: Vijay sethupathi film Ace box office collection